യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു; പ്രിൻസിപ്പളിന്‍റെ നടപടി അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ

Jaihind News Bureau
Saturday, November 30, 2019

University-College

യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൾ, വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു. കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ഉടന്‍ നല്‍കാന്‍ വാര്‍ഡനോട് കോളേജ് വിദ്യാഭ്യാസ ഡയറക്ടറും ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായ തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പ്രിൻസിപ്പലിന്‍റെ അധ്യക്ഷതയിൽ യോഗം ചേരും. മുഴുവന്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളേജിൽ സമാധാനാന്തരീക്ഷം സ്ഥാപിക്കുക എന്ന ലക്ഷ്യം മുൻനിരത്തിയാണ് യോഗം. അതേസമയം, യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും നടപടി തുടങ്ങി. ഹോസ്റ്റലിന് മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ നൽകാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വാർഡനോട് ആവശ്യപ്പെട്ടു. ഹോസ്റ്റലില്‍ വച്ച് എസ്.എഫ്.ഐ നേതാവ് കെ.എസ്.യു വിദ്യാര്‍ഥിയെ ആക്രമിച്ചതായിരുന്നു സംഘർഷങ്ങളുടെ തുടക്കം.

വിദ്യാര്‍ഥിപോലുമല്ലാതെ വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്നയാളാണ് ആക്രിച്ചതെന്നും ഇത്തരത്തില്‍ ഒട്ടേറെപ്പേരുണ്ടെന്നും പരാതി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് താമസക്കാരുടെ വിവരം ശേഖരിക്കുന്നത്. തുടർച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് പ്രിൻസിപ്പാളിന്‍റെ സുരക്ഷ വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പ്രിൻസിപ്പാളിന്‍റെ മുറിക്ക് മുന്നിലെ വരാന്തയിൽ ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കും. ഇതിന് പുറമെ കോളേജിന് പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന കാര്യവും പരിഗണനയിലാണ്. കോളേജിൽ കത്തി കുത്ത് ഉണ്ടായതിന് ശേഷം പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും എസ്.എഫ്.ഐ പ്രവർത്തകർ ഇടപെട്ട് പോലീസിനെ ഗേറ്റിന് പുറത്താക്കുകയായിരുന്നു