യൂണിവേഴ്സിറ്റി കോളേജ് അക്രമം : മുഖ്യ പ്രതിയെ പിടികൂടാതെ പൊലീസ് ; ഒളിവിലാണെന്ന് വാദം

Jaihind News Bureau
Tuesday, December 3, 2019

University-College

യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷങ്ങളിലെ മുഖ്യപ്രതിയായ എസ്.എഫ് ഐ പ്രവര്‍ത്തകന്‍ മഹേഷ്കുമാറിനെ  പിടികൂടാതെ പൊലീസ്. സംഭവങ്ങൾ നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മഹേഷ് ഒളിവിലാണെന്നാണ് പോലീസ് വാദം. അതേ സമയം തുടർച്ചയായ അക്രമസംഭവങ്ങൾക്ക് ശേഷം   യൂണിവേഴ്സിറ്റി കോളേജ് ഇന്ന് വീണ്ടും തുറന്നു.

യൂണിവേഴ്സിറ്റ് മെന്‍സ് ഹോസ്റ്റലില്‍ കെ.എസ്.യു വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിനെ മർദിച്ച കേസിലെ മുഖ്യ പ്രതിയാണ് ‘എട്ടപ്പന്‍’ എന്ന് വിളിപ്പേരുള്ള എം.ആര്‍ മഹേഷ്. ഹോസ്റ്റലില്‍ കൊലവിളി മുഴക്കിയ മഹേഷ് നിതിനെ മർദിക്കുകയും സർട്ടിഫിക്കറ്റുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പ്രതി ഒളിവിലാണ ന്യായമാണ് പോലീസിന് പറയാനുള്ളത്. തലസ്ഥാനത്തെ ഏതെങ്കിലും സി.പി.എം അനുകൂല കെട്ടിടത്തില്‍ തന്നെ പ്രതി ഉണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയാറാവുന്നില്ല.

മുഖ്യ പ്രതിയെ പിടികൂടാതെ വനിതകളുള്‍പ്പെടെ എട്ട് കെ.എസ്.യു പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്തതും മൂന്ന് കെ.എസ്.യു നേതാക്കളെ അറസ്റ്റ് ചെയ്തതും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് കെ.എസ്.യു ആഹ്വാനം ചെയ്തിരിക്കുന്നത്. മഹേഷിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസെ കെ.എസ്.യു പ്രവര്‍ത്തകർ മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.