വിദ്യാർത്ഥിയെ കാറിടിപ്പിച്ച് വീഴ്ത്തി ആക്രമണം : എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

Jaihind News Bureau
Monday, January 20, 2020

കൊച്ചി : കുസാറ്റിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം മർദിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.  ആക്രമണം നടത്തിയ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയേയും പ്രസിഡന്‍റിനേയും കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചു.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ്  പരിക്കേറ്റ വിദ്യാർത്ഥി ആസിൽ അബൂബക്കറും എസ്.എഫ്.ഐ നേതാക്കളും തമ്മിൽ ഹോസ്റ്റലിൽ വച്ച് വക്കേറ്റമുണ്ടായത്. ഇതിനെ തുടർന്നാണ് ആസിൽ അബൂബക്കറിനെ എസ്.എഫ്.ഐ നേതാക്കൾ മർദ്ദിച്ചത്. ഇന്നലെ രാത്രി സഹപാഠിയെ ഹോസ്റ്റലിൽ ഇറക്കിയ ശേഷം മടങ്ങുകയായിരുന്ന ആസിലിനെ കാറിൽ പിൻതുടർന്ന് എസ്.എഫ്.ഐ നേതാക്കാൾ ഇടിച്ച് വീഴ്ത്തുകയും തുടർന്ന് കമ്പി വടി ഉപയോഗിച്ച് മാരകമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. തലയ്ക്ക് ഉൾപ്പടെ ഗുരുതരമായി പരുക്കേറ്റ ആസിലിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ എസ്.എഫ്.ഐ കുസാറ്റ് യൂണിറ്റ് പ്രസിഡന്‍റ് രാഹുൽ പേരളം, സെക്രട്ടറി പ്രജിത് കെ ബാബു എന്നിവരെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കുസാറ്റ് അഡ്മിനിസ്ട്രേറ്റ് ഓഫീസ് ഉപരോധിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന കുസാറ്റ് വിസിയുടെ ഉറപ്പിന്മേൽ വിദ്യാർത്ഥികൾ ഉപരോധം അവസാനിപ്പിച്ചു.  ഒരുമണിക്കൂറിലേറെ കാത്തുനിർത്തിയ ശേഷമാണു ചർച്ചയ്ക്കായി അകത്തേയ്ക്ക് വിളിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു. ആക്രമണം നടത്തിയ യൂണിറ്റ് നേതാക്കളിൽ ഒരാൾ കുത്തു കേസിലെ പ്രതിയും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണെന്നും മറ്റൊരാൾ മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ചതിന് പുറത്താക്കപ്പെട്ട വിദ്യാർഥിയാണെന്നും സമരക്കാർ പറഞ്ഞു. ഇവരെ കോളജിൽ നിന്ന് പുറത്താക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. സർവകലാശാല തല അച്ചടക്ക നടപടിക്കു പുറമേ സംഘടനാ തലത്തിലും നടപടി വേണമെന്ന ആവശ്യവും വിദ്യാർഥികൾ ഉയർത്തുന്നുണ്ട്. സംഭവത്തിൽ എസ്.എഫ്.ഐ നേതാകൾക്കെതിരെ കളമശേരി പൊലീസ് വധശ്രമത്തിന് കേസെടുത്തു.