‘നിങ്ങളുടെ കൊടിയിലെ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന വാചകങ്ങള്‍ ദയവായി മാറ്റണം’ : എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് കെ.എസ്.യു ജില്ലാ പ്രസിഡന്‍റിന്‍റെ കത്ത്

Jaihind News Bureau
Friday, January 24, 2020

എസ്.എഫ്.ഐയുടെ പ്രവര്‍ത്തനരീതിയുമായി യാതൊരു ബന്ധവുമില്ലാത്ത ആപ്തവാക്യം കൊടിയില്‍ നിന്ന് നീക്കാന്‍ തയാറാകണമെന്ന് കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡന്‍റ് മിഥുന്‍ മോഹന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിഥുന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. എസ്.എഫ്.ഐയുടെ പതാകയില്‍ എഴുതിയിരിക്കുന്ന ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ എന്ന ആപ്തവാക്യത്തിന് നേർ വിപരീതമായാണ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവിന് മിഥുന്‍ കത്തെഴുതിയത്.

തൃശൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കേണ്ടിയിരുന്ന മിഥുനെ എസ്.എഫ്.ഐ പ്രവര്‍ത്തകർ തടയുകയും കെ.എസ്.യു പ്രവർത്തകരെ മർദിക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തതിന് ശേഷം സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് മിഥുന്‍റെ വിമർശനം. എസ്.എഫ്.ഐയുടെ പ്രവർത്തന രീതി ഇതാണെന്ന് അറിയാവുന്നതിനാല്‍ ഇക്കാര്യത്തില്‍ പരാതിയില്ല. ‘എന്നാല്‍ ദയവ് ചെയ്ത് എസ്.എഫ്.ഐയുടെ അഖിലേന്ത്യ സമ്മേളനത്തിലോ സംസ്ഥാന സമ്മേളനത്തിലോ നിങ്ങളുമായി ബന്ധമില്ലാത്ത നിങ്ങളുടെ കൊടിയിലെ വാചകങ്ങൾ മാറ്റണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു’ എന്ന പരിഹാസത്തോടെയാണ് മിഥുന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മിഥുന്‍ മോഹന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

From,

മിഥുൻ മോഹൻ
കെ.എസ്.യു ജില്ലാ പ്രസിഡന്‍റ്, തൃശൂർ

To,

കെ.എം സച്ചിൻ ദേവ്
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, തിരുവന്തപുരം

പ്രിയപ്പെട്ട എസ്.എഫ്.ഐ സംസ്ഥാന സെക്രെട്ടറി വളരെ ഗൗവരമേറിയ ഒരു കാര്യം അങ്ങയെ അറിയിക്കാൻ ആണ് ഈ കത്ത് എഴുതുന്നത് .ഇന്ന് എനിക്ക് ജില്ലയിൽ ഉണ്ടായിരുന്നത് രണ്ടു പരിപാടികൾ ആണ്. ഒന്ന് ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് സമ്മേളനവും മറ്റൊന്ന് ഗവ : ശ്രീ അച്യുതമേനോൻ കോളേജ് കുട്ടനെല്ലൂരിലെ പി.ജി ഡിപ്പാർട്ട്മെന്‍റിലെ അനുമോദന സദസുമായിരുന്നു. രണ്ടിടത്തും അങ്ങയുടെ സഖാക്കൾ വഴി തടഞ്ഞു. വ്യാസ കോളേജിൽ കെ.എസ്.യു പ്രവർത്തകരെ മർദിച്ചു. ഇത് എല്ലാം ചെയ്തതിനു ശേഷം പ്രിൻസിപ്പാളിന്‍റെ റൂമിന് മുൻപിൽ കുത്തിയിരുന്ന് ‘സ്വാതന്ത്ര്യം ജനാതിപത്യം സോഷ്യലിസം’ എന്ന് മുദ്രാവാക്യവും വിളിച്ചു. ഇപ്പോൾ ഇതാ എസ്.എഫ്.ഐയുടെ ഏതോ ഒരു പ്രവർത്തക കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്ന് പറഞ്ഞുകൊണ്ട് ആശുപത്രിയിൽ ചികത്സ നേടിയിരിക്കുകയാണ്. പ്രിയ സച്ചിൻ ദേവ് ഇത് എല്ലാം നിങ്ങൾക്ക് പരിചിതമായ സംഘടനാ പ്രവർത്തനമാണ് എന്ന് എനിക്ക് അറിയാം. ഇതിൽ ഒന്നും പരാതി അറിയിക്കാൻ അല്ല ഈ കത്ത്… ദയവ് ചെയ്ത് എസ്.എഫ്.ഐയുടെ അഖിലേന്ത്യ സമ്മേളനത്തിലോ സംസ്ഥാന സമ്മേളനത്തിലോ നിങ്ങളുമായി ബന്ധമില്ലാത്ത നിങ്ങളുടെ കൊടിയിലെ വാചകങ്ങൾ മാറ്റണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

ഏറെ സ്നേഹത്തോടെ
മിഥുൻ മോഹൻ
കെ.എസ്.യു ജില്ലാ പ്രസിഡൻറ്
തൃശൂർ