പാലാ പോളി ടെക്‌നിക്കിൽ പോലീസിന് നേരെ എസ്എഫ്‌ഐ പ്രവർത്തകരുടെ ഗുണ്ടായിസം

Jaihind News Bureau
Thursday, January 23, 2020

എസ്.എഫ്.ഐ അതിക്രമത്തിനെതിരെ പലയിടത്തും വിദ്യാർത്ഥികള്‍ തന്നെ ശബ്ദമുയർത്തുന്നതിനിടെ പൊലീസിന് നേരെയും അക്രമവും ഭീഷണിയുമായി പാർട്ടിയിലെ ഗുണ്ടകള്‍. പാലാ പോളി ടെക്‌നിക്കിൽ പോലീസിന് നേരെ എസ്എഫ്‌ഐ പ്രവർത്തകരുടെ ഗുണ്ടായിസം. പാലാ എസ്‌ഐക്ക് നേരെ കൈയ്യേറ്റശ്രമവും ഭീഷണിയും. ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം വിവാദമായതോടെ 3 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ച സാഹചര്യത്തിലായിരുന്നു പോലീസിന്റെ ഇടപെടൽ. എസ്എഫ്‌ഐ പ്രവർത്തകർ എസ്‌ഐയെ കയ്യേറ്റം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ പൊലീസ് അപ്പോൾ നടപടിയൊന്നുമെടുക്കാതെ ക്യാമ്പസിൽ നിന്ന് പോയി. ഇതിൽ കേസെടുത്തതുമില്ല. പ്രശ്നം ഇന്നലെ രാത്രി തന്നെ ഇത് പ്രാദേശിക നേതൃത്വം ഇടപെട്ട് ഒതുക്കിത്തീർക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം.

എന്നാൽ ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പ്രശ്നത്തിൽ എസ്എഫ്ഐയുടെയോ സിപിഎമ്മിന്‍റെയോ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ എസ്എഫ്ഐ – കെഎസ്‍യു സംഘർഷം നടന്നുവരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ക്യാമ്പസിലെത്തിയ പൊലീസുകാരനെതിരെ ഉണ്ടായ അതിക്രമത്തിൽ പൊലീസിൽത്തന്നെ അമർഷവുമുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കോട്ടയം സിഎംഎസ് കോളേജ്, കുസാറ്റ് എന്നിവിടങ്ങളിലെ എസ്എഫ്‌ഐ പ്രവർത്തകരുടെ ഗുണ്ടായിസത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ നിരന്തര പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോലീസിനു നേരെയുള്ള എസ്എഫ്‌ഐയുടെ ഗുണ്ടായിസം. സംഭവത്തിൽ മൂന്ന് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പാലാ പോളിടെക്‌നിക്കലിൽ എസ്എഫ്‌ഐയുടെ തേർവാഴ്ച്ച സംബന്ധിച്ച് നിരന്തര പരാതി ഉയരുന്നതിനിടെയാണ് പുതിയ സംഭവം.