യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്.എഫ്.ഐ അതിക്രമം : ലാബ് അടിച്ചുതകർത്തു ; വാഹനങ്ങളുടെ ടയറുകളും സീറ്റുകളും കുത്തിക്കീറി

Jaihind News Bureau
Tuesday, December 3, 2019

യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്.എഫ്.ഐ അതിക്രമം. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്‍റ് ലാബിന്‍റെ ചില്ലുകൾ എസ്.എഫ്.ഐ നേതാക്കൾ അടിച്ചു തകർത്തു. അധ്യാപകരുടെ വാഹനങ്ങളുടെ ടയറുകളും സീറ്റുകളും കുത്തിക്കീറിയായിരുന്നു എസ്.എഫ്.ഐ നേതാക്കളുടെ അക്രമം. അച്ചടക്ക സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.

യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ കോളേജിന് അവധിയായിരുന്നു. അച്ചടക്കസമിതി രൂപീകരിക്കാനായി കോളേജില്‍ നടന്ന കമ്മിറ്റിയിലായിരുന്നു എസ്.എഫ്.ഐയുടെ അതിക്രമം. സോമശേഖരന്‍, ബാബു എന്നീ അധ്യാപകരെ അച്ചടക്കസമിതിയില്‍ ഉള്‍പ്പെടുത്തിയതിലായിരുന്നു എസ്.എഫ്.ഐ നേതാക്കള്‍ക്ക് അമർഷം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘർഷങ്ങളില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനായിരുന്നു അച്ചടക്കസമിതി രൂപീകരണത്തിനായി കമ്മിറ്റി കൂടിയത്.

ഇടതുപക്ഷ അനുഭാവികളായ അധ്യാപകരെ അച്ചടക്കസമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രകോപിതരായ എസ്.എഫ്.ഐ നേതാക്കല്‍ കോളേജിനുള്ളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്‍റ് ലാബിന്‍റെ ചില്ലുകളും അധ്യാപകരുടെ വാഹനങ്ങളുടെ ടയറുകളും സീറ്റുകളും കുത്തിക്കീറിയായിരുന്നു എസ്.എഫ്.ഐയുടെ അക്രമം. കോളേജിനുള്ളില്‍ എസ്.എഫ്.ഐയുടെ ഏകാധിപത്യം തുടരുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് യാതൊരുവിധ ഭയവുമില്ലാതെ അധ്യാപകർക്കെതിരെ എസ്.എഫ്.ഐ നേതാക്കള്‍ അതിക്രമം നടത്തിയത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന കോളേജില്‍ ഇന്ന് ക്ലാസുകള്‍ പുനരാരംഭിക്കും.