താനൂർ ബോട്ടപകടം അധികം ആളുകളെ കയറ്റിയതിനാലാകാം; കുസാറ്റ് വിദഗ്‌ദ സമിതി

Jaihind Webdesk
Wednesday, May 17, 2023

 

മലപ്പുറം: അനുവദിച്ചതിൽ കൂടുതൽ ആളുകളെ കയറ്റിയതാകാം താനൂരില്‍ ബോട്ട് മറിയാൻ കാരണമെന്ന് കുസാറ്റ് വിദഗ്‌ദ സമിതി. അപകടത്തില്‍പ്പെട്ട ബോട്ട് കുസാറ്റില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറും.

താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് കുസാറ്റില്‍ നിന്നുള്ള വിദഗ്ധ സംഘം ശാസ്ത്രീയ പരിശോധന നടത്തിയത്. ബോട്ടിന്‍റെ കാലപ്പഴക്കം, പുതുക്കുമ്പോൾ വരുത്തിയ മാറ്റങ്ങള്‍, തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്.  പ്രത്യക അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് കുസാറ്റില്‍ നിന്നുള്ള സംഘം പരിശോധനയ്ക്കെത്തിയത്. ബോട്ടിന്‍റെ മുകള്‍ത്തട്ടില്‍ ആളുകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ മുകളിലും ആളുകള്‍ക്ക് കയറാന്‍ സൗകര്യമൊരുക്കിയിരുന്നു. കുട്ടികളടക്കം ഇരുപത്തിരണ്ട് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ആളുകളെ കൂടുതല്‍ കയറ്റിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ പറയാനാകൂവെന്നും സംഘം പറഞ്ഞു.

നേവല്‍ ആര്‍ക്കിടെക് പ്രൊഫസര്‍ കൃഷ്ണനുണ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായ കെ.ആര്‍ അരവിന്ദ്, മുഹമ്മദ് ആഷിഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഉടമ നാസറും സ്രാങ്കും ഉള്‍പ്പെടെ പത്ത് പേരാണ് അറസ്റ്റിലായത്. ഇതില്‍ അഞ്ചു പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.