‘കള്ളന്മാര്‍ക്കുള്ള ജയില്‍ കൊള്ളക്കാരന്‍റെ കൈയാല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു’; പരിഹസിച്ച് വി.എസ് ജോയ്

Jaihind Webdesk
Sunday, June 12, 2022

 

മലപ്പുറം: തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ്. ലോകചരിത്രത്തില്‍ ആദ്യമായി കള്ളന്മാര്‍ക്ക് കിടക്കാനുള്ള ജയില്‍ ഒരു കൊള്ളക്കാരന്‍റെ കൈകളാല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നുവെന്നായിരുന്നു വി.എസ് ജോയിയുടെ പരിഹാസം. തവനൂരില്‍ മുഖ്യമന്ത്രിയുടെ ജയില്‍ ഉദ്ഘാടനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു വി.എസ് ജോയിയുടെ പരാമർശം.

കേരളത്തിന്‍റെ മുഖ്യമന്ത്രി ഏറ്റവും വലിയ കൊള്ളക്കാരനായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ ഉദ്ഘാടനം ചെയ്ത് പോകാന്‍ പാടില്ലെന്നും ആ ജയിലിലെ അദ്യത്തെ അന്തേവാസിയായി അന്തിയുറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ജോയ് പറഞ്ഞു. മുഖ്യമന്ത്രിയുടേയും ഭരണകൂടത്തിന്‍റേയും പോലീസിന്‍റേയും ഭാഗത്തുനിന്ന് ഏത് തരത്തിലുള്ള അടിച്ചമര്‍ത്തലുണ്ടായാലും അതിനെയെല്ലാം ചെറുത്തുതോല്‍പിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.