2019 ഫെബ്രുവരി 17- രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയും നാടിന്‍റെ പ്രത്യാശയുമായ രണ്ടു ചെറുപ്പക്കാരെ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ സിപിഎം അരുംകൊല ചെയ്ത ദിനം. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും ചുടുചോര മണ്ണിലും, മനസിലും തെറിച്ച ദിനം. സിപിഎമ്മിന്‍റെ കൊലക്കത്തിക്ക് ഇരയായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും ഓർമകൾക്ക് ഇന്ന് 6 വയസ്. 2019 ഫെബ്രുവരി 17 നായിരുന്നു ശരത്തിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. കൃപേഷ് കൊല്ലപ്പെടുമ്പോൾ 19 വയസ്സും ശരത് ലാലിന് 23 വയസും ആയിരുന്നു.
സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു അത്. കൃപേഷിന്‍റെ അമ്മ ബാലാമണിയും ശരത്‍ലാലിന്‍റെ അമ്മ ലതയും കുടുംബാംഗങ്ങളും നീറുന്ന വേദനയുമായാണ് ഇന്നും ജീവിക്കുന്നത്. നാട്ടിലെ പൊതു കാര്യങ്ങളിലെല്ലാം ഇരുവരും മുൻനിരയിലായിരുന്നു. മികച്ച കലാപ്രവർത്തനങ്ങളുമായി ഒട്ടേറെ കുട്ടികളെ മുൻനിരയിലേക്ക് എത്തിച്ചു. ട്യൂഷനു സാഹചര്യമില്ലാത്ത പ്രദേശത്തെ കുട്ടികൾക്ക് അവർ മുൻകൈയെടുത്ത് സൗജന്യമായി അതിനും അവസരമൊരുക്കി. ഇതാണ് അവരെ ഇല്ലാതാക്കാനുള്ള എതിർ പാർട്ടിക്കാരുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടിയത്. സഞ്ചരിക്കുന്ന വഴിയറിഞ്ഞ്, സമയം നിശ്ചയിചുറപ്പിച്ച്, ആയുധങ്ങൾക്ക് മൂർച്ച കൂട്ടി, കൊല്ലാനുള്ള ആളുകൾ വാഹനങ്ങളിൽ ഇരുട്ടിന്‍റെ മറവിൽ കാത്തിരുന്ന്, കൊന്ന് കഴിഞ്ഞാൽ രക്തം ചിതറിയ വസ്ത്രങ്ങൾക്ക് പകരം പുതിയത് കരുതി വെച്ച്, രക്ഷപ്പെടാനും ഒളിക്കാനുമുള്ള ഇടം പോലും തീരുമാനിച്ച്, പിന്നീട് അന്വേഷണം അട്ടിമറിക്കുവാൻ സർക്കാർ ഖജനാവിലെ പണം ചിലവഴിക്കുവാൻ വരെ ഉറച്ച്, സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രൂര കൊലപാതകം.
സംസ്ഥാന സർക്കാരിന്‍റെ കള്ളക്കളികൾ കണ്ട് കേസന്വേഷണം സിബിഐക്ക് വിടുന്നതിനെതിരെ അതെ സർക്കാർ തന്നെ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് വാദിച്ചെങ്കിലും പരമോന്നത നീതിപീഠം അന്വേഷണം സിബിഐക്ക് കൈമാറി. ഒടുവിൽ സിപിഎം നേതാക്കൾ പ്രതികളെന്ന അനുമാനത്തിൽ കോടതിയും എത്തി. കോൺഗ്രസ് പതാകയുടെ തണലിൽ, നാടിന് വേണ്ടി അവസാന ശ്വാസം വരെയും പോരാടുവാനുള്ള നിലക്കാത്ത പ്രചോദനമാണ് ശരത് ലാലും കൃപേഷും. അന്ന് ഇതേ ദിനത്തിൽ, ഹൃദയം നുറുങ്ങുന്ന വേദനയിൽ ആ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ എല്ലാമെല്ലാം ആയിരുന്ന കിച്ചുവിനെയും ജോഷിയെയും നേരിട്ട് കാണാനെന്ന പോലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒഴുകി എത്തി. കുഞ്ഞു മക്കൾ പോലും ചിരാതുകൾ തെളിയിച്ച് പ്രിയ ഏട്ടന്മാരുടെ സ്‌മൃതി കുടീരങ്ങളിൽ ഒരു പിടി പൂക്കൾ അർപ്പിച്ചു. ആ നാടിന്‍റെ അമ്മമാർ ഈ മക്കളെ ഓർത്ത് ഇപ്പോഴും കണ്ണീർ വാർക്കുന്നു. അവർക്കെത്ര മാത്രം പ്രിയപ്പെട്ടവരായിരുന്നു ശരത്തും കൃപേഷുമെന്ന് പറയാൻ, വാക്കുകൾക്ക് കരുത്ത് പോരാതെ വരും.