‘ദൈവത്തിന് നന്ദി… അമിത് ഷാ ജഡ്ജി ആയില്ലല്ലോ ! കോടതി തീരുമാനിക്കും’ : പൗരത്വ ഭേദഗതി ബില്ലിൽ കപില്‍ സിബല്‍

Jaihind Webdesk
Thursday, December 12, 2019

Kapil-Sibal

പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും അതിന്‍റെ സാധുതയെക്കുറിച്ച് കോടതി തീരുമാനിക്കുമെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ. പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ചാണ് കപിൽ സിബൽ സുപ്രീം കോടതിയില്‍ ഹാജരായത്.

‘ഈ ബിൽ സാധുതയുള്ളതാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞാൽ, ദൈവത്തിന് നന്ദി, അദ്ദേഹം സുപ്രീം കോടതിയിലെ ജഡ്ജിയല്ല. അദ്ദേഹം പറഞ്ഞതുകൊണ്ട് മാത്രം അത് സാധുതയുള്ളതാവില്ല. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അത് സംബന്ധിച്ച് കോടതി തീരുമാനിക്കും’ – കപില്‍ സിബല്‍ പറഞ്ഞു.

അസം പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ട 19 ലക്ഷം പേരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണെന്ന് തിരിച്ചറിയാന്‍ ബി.ജെ.പി വൈകിപ്പോയി. വൈകിയാണെങ്കിലും ഇത് തിരിച്ചറിഞ്ഞതുകൊണ്ട് മാത്രമാണ് ഇത്തരത്തിലൊരു ബില്‍ കൊണ്ടുവരാന്‍ കേന്ദ്രസർക്കാർ മുന്‍കൈയെടുത്തതെന്നും കപില്‍ സിബല്‍ പറഞ്ഞു. 19 ലക്ഷത്തില്‍ ഭൂരിഭാഗം പേര്‍ മുസ്ലീങ്ങളായിരുന്നുവെങ്കിലും സർക്കാർ ബില്‍ കൊണ്ടുവരില്ലായിരുന്നില്ലെന്നും സിബല്‍ കൂട്ടിച്ചേർത്തു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന വിവാദ ബില്‍ ബുധനാഴ്ചയാണ് രാജ്യസഭയില്‍ പാസാക്കിയത്. അതേസമയം വിവാദ ബില്ലില്‍ രാജ്യമെങ്ങും പ്രക്ഷോഭം ശക്തമാകുകയാണ്. അതിശക്തമായ പ്രക്ഷോഭത്തിനാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ത്രിപുരയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അസമിലെ ഗുവാഹത്തിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അസമില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചു. അസമില്‍ മൊബൈൽ ഇന്‍റർനെറ്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ വിഛേദിച്ചിരിക്കുകയാണ്.