ടി സിദ്ദിഖിനും കുടുംബത്തിനും എതിരായ അപവാദ പ്രചാരണം : സിദ്ദിഖിന്‍റെ ഭാര്യയുടെ പരാതിയില്‍ ദുബായ് പോലീസ് കേസെടുത്തു; വിവാദം പുതിയ തലത്തിലേക്ക്

B.S. Shiju
Tuesday, September 24, 2019

ദുബായ് : കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി സിദ്ദിഖിനും കുടുംബത്തിനും എതിരെ അപവാദ പ്രചാരണവും വ്യക്തിഹത്യയും നടത്തിയ സംഭവത്തില്‍ സിദ്ദിഖിന്‍റെ ഭാര്യ ദുബായ് പൊലീസില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി അപമാനിച്ചുവെന്ന് സിദ്ദിഖിന്‍റെ ഭാര്യ പെരുത്തിയോട്ട്‌വളപ്പില്‍ ഷറഫുനീസ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഇതോടെ ദുബായ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ദുബായില്‍ വിവിധ പൊതു പരിപാടികള്‍ക്കായി എത്തിയ സിദ്ദിഖ് യു.എ.ഇയിലെ സുഹൃത്തുക്കള്‍ക്കും, മക്കള്‍ ഉള്‍പ്പെടുന്ന കുടുംബവുമൊത്ത് ഡെസര്‍ട്ട് സഫാരിക്ക് പോയിരുന്നു. ഇതിലെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച്, സിദ്ദിഖിനും കുടുംബത്തിനും എതിരെ രാഷ്ട്രീയ എതിരാളികളായ യു.എ.ഇയിലെ ചിലരും, ഇവരുടെ സൈബര്‍ വിഭാഗങ്ങളും പരസ്യമായി വ്യക്തിഹത്യ നടത്തിയെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇപ്രകാരം ഭാര്യയ്ക്കും മക്കള്‍ക്കും എതിരെ അപവാദ പ്രചാരണം നടത്തി സമൂഹമാധ്യമങ്ങളില്‍ പോരാട്ടം നടത്തിയ ‘പോരാളി’കളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും പരാതിയില്‍ പറയുന്നു. വ്യക്തിഹത്യ നടത്താന്‍ കൂട്ടുനിന്ന യു.എ.ഇയിലെ ചില സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഷറഫുനീസ നല്‍കിയ പരാതിയില്‍ കൃത്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇത്തരക്കാരും പൊലീസ് നിരീക്ഷണത്തിലാണെന്ന് അറിയുന്നു. ഇതുസംബന്ധിച്ച മുഴുവന്‍ തെളിവുകളും പരാതിക്കാരി ഹാജരാക്കി. ടി സിദ്ദിഖ് കേരളത്തിലാണെങ്കിലും ഭാര്യ ഇതുസംബന്ധിച്ച തുടര്‍ നടപടികള്‍ക്കായി ദുബായില്‍ തുടരുകയാണ്. ഇതോടെ സിദ്ദിഖിനും കുടുംബത്തിനും എതിരെ നടന്ന അപവാദ പ്രചാരണവും വ്യക്തിഹത്യയും ഇനി കേസും നിയമ നടപടികളുമായി പുതിയ തലത്തിലേക്ക് കടക്കുകയാണ്.

കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങളെ രാഷ്ട്രീയ എതിരാളികളുടെ സൈബര്‍ വിഭാഗം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. ഡെസര്‍ട്ട് സഫാരിയില്‍ മദ്യപിച്ച് കാലുറയ്ക്കാത്ത സിദ്ദിഖ് എന്ന തരത്തിലായിരുന്നു ഈ വ്യാജ പ്രചാരണം. എന്നാല്‍ ജീവിതത്തില്‍ ഇതുവരെയും മദ്യപിക്കാത്ത, ഒരിക്കലും മദ്യപിക്കില്ലെന്ന് ജീവിത നിഷ്ഠയുള്ള തന്നെയും, തനിക്കൊപ്പം വന്ന കുടുംബത്തെയും ചിലര്‍ രാഷ്ട്രീയ പ്രചാരണത്തിനായി , വിലകുറഞ്ഞ രീതിയില്‍ ഉപയോഗിച്ചുവെന്നും ഭാര്യയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇതുപോലെയുള്ള ഒരു ദുരവസ്ഥ നാളെ മറ്റൊരു കുടുംബങ്ങള്‍ക്കും സംഭവിക്കാതിരിക്കാനാണ് ഈ വിഷയത്തില്‍ കര്‍ശന നടപടിക്കായി പൊലീസില്‍ പരാതിപ്പെട്ടതെന്നും കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞു. യു.എ.ഇയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും മറ്റും, വലിയ കുറ്റകരമായ ശിക്ഷയാണ്. ഇപ്രകാരം ഒരു സ്ത്രീ തന്നെ വിഷയത്തില്‍ പരാതി നല്‍കിയതോടെ കേസിന്‍റെ ഗൗരവം വര്‍ധിച്ചിരിക്കുകയാണ്.