‘സർക്കാരിന്‍റെ വീഴ്ച മറയ്ക്കാന്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്നു; മാപ്പ് പറഞ്ഞില്ലെങ്കില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ നിയമനടപടി’ : ടി സിദ്ദിഖ്

Jaihind Webdesk
Tuesday, July 9, 2019

T-Siddique

പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരിന്‍റെ വീഴ്ച മറച്ചുവെക്കാനാണ് കെ.പി.സി.സി പ്രസിഡന്‍റിനെതിരെ ആക്ഷേപവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിച്ചിട്ടുള്ളതെന്ന് ടി സിദ്ദിഖ്. മുല്ലപ്പള്ളിക്കെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ നിയമ നടപടി നേരിടേണ്ടി വരുമെന്നും ടി സിദ്ദിഖ് കോഴിക്കോട് പറഞ്ഞു.

പ്രളയമുണ്ടായി ഒരു വർഷമായിട്ടും ദുരന്തത്തിൽ അകപ്പെട്ടവർക്ക് പുനരധിവാസ വീടുകളും നവകേരള നിർമ്മാണവും ഉൾപ്പടെ ഒരു കാര്യവും നടപ്പിലാക്കാന്‍ കഴിയാതെ ദയനീയമായി പരാജപ്പെട്ട സ്വന്തം സർക്കാരിന്‍റെ പിടിപ്പുകേട് മറച്ചുവെക്കാൻ വേണ്ടി മാന്യനും സത്യസന്ധനും മാതൃകാ പൊതുപ്രവർത്തകനുമായ മുല്ലപ്പള്ളി രാമചന്ദ്രനെ കോഴിക്കോട് വാർത്താസമ്മേളനത്തില്‍ വ്യക്തിപരമായി ആക്ഷേപിച്ച ഡി.വൈ.എഫ്.ഐ നേതാവ്എ.എ റഹീമിന്‍റെ പൊതുപ്രവർത്തനം രാഷ്ട്രീയ സംഘടനയ്ക്ക് ചേർന്നതല്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് ടി സിദ്ദിഖ് പറഞ്ഞു.

അഭിമന്യു മോഡൽ കോടികളുടെ സഹായധനം പിരിച്ച് പുട്ടടിക്കുന്ന പ്രവർത്തനം മറ്റുള്ളവരും നടത്തുമെന്ന ധാരണ സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും വേണ്ട. അഭിമന്യുവിന്‍റെ പേരിൽ പിരിച്ച കോടികളിൽ എത്ര രൂപ ആ രക്തസാക്ഷിയുടെ കുടുബത്തിന് കിട്ടിയെന്നും ബാക്കി എത്ര നേതാക്കൾ വകമാറിയെന്നുമുള്ള കണക്കുകൾ ഞെട്ടലോടെ മാത്രമേ രാഷ്ട്രീയ കേരളത്തിന് കേൾക്കാൻ സാധിക്കുകയുള്ളൂ എന്നും സിദ്ധിഖ് പറഞ്ഞു.

പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ടി അഭ്യുദയകാംക്ഷികൾ സംഭാവന നൽകിയ തുകയുടെ കണക്ക് കെ.പി.സി.സി സൂക്ഷിക്കുന്നുണ്ട്. വിവിധ ജില്ലകളിലായി വീട് നിർമ്മാണം പുരോഗമിക്കുകയാണ്. സ്വന്തം പാർട്ടി നേതാക്കൾക്ക് രാഷ്ട്രീയ ധാർമികത നഷ്ട്ടപ്പെട്ട അവസ്ഥയിൽ മറ്റ് പാർട്ടി നേതാക്കളും അങ്ങനെയെന്ന് വരുത്തി തീർക്കാനുള്ള ഡി.വൈ.എഫ്.ഐ ശ്രമം അപലപനീയമാണെന്നും ടി സിദ്ദിഖ് പറഞ്ഞു.