‘രാഷ്ട്രീയം ഈ സമയത്ത്‌ പറയരുത്‌ എന്ന് എത്ര ആഗ്രഹിച്ചാലും സിപിഎം പറയിപ്പിക്കും’: ടി.സിദ്ധിഖ്

Jaihind News Bureau
Thursday, March 26, 2020

കൊവിഡ് കാലത്തെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കൊടിയുടേയോ നിറത്തിന്‍റെയോ മേന്മ കാണിക്കാനുള്ള അവസരമായി ഉപയോഗിക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം ലംഘിച്ച് ഡിവൈഎഫ്ഐ.  കോഴിക്കോട് ഇന്ന് ഡിവൈഎഫ്ഐ ഇത് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കെപിസിസി വൈസ് പ്രസിഡന്‍റ് ടി.സിദ്ദിഖ് രംഗത്തെത്തി.

ഡിവൈഎഫ്ഐ കൊടി അടയാളങ്ങള്‍ ഉപയോഗിച്ച് ഭക്ഷണവിതരണം നടത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അവ ഇല്ലാതെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയായിരുന്നുവെന്ന് സിദ്ദിഖ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘രാഷ്ട്രീയം ഈ സമയത്ത്‌ പറയരുത്‌ എന്ന് എത്ര ആഗ്രഹിച്ചാലും സിപിഎം പറയിപ്പിക്കും. പ്രളയത്തിന്റെ ദുരിതാശ്വാസ നിധി തട്ടിയെടുത്തും മറ്റുള്ളവർ നൽകുന്ന സാധങ്ങൾക്ക്‌ സ്വന്തം സ്റ്റിക്കർ പതിച്ച്‌ നൽകിയും ശീലമുള്ള സിപിഎമ്മിനും ഡിഫിക്കാർക്കും മുഖ്യമന്ത്രിയുടെ വാക്കുകൾ വല്യ ഗൗരവമുള്ളതായി തോന്നിക്കാണില്ല. ഡിഫിക്കാരുടെ ഈ പ്രകടനം കണ്ട്‌ മറ്റ്‌ പല സംഘടനകളും കൊടിയും പിടിച്ച്‌ ഇറങ്ങിയാൽ മുഖ്യമന്ത്രി തന്നെ മറുപടി പറയേണ്ടി വരും എന്ന് മാത്രം പറയുന്നു’-സിദ്ദിഖ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ടി.സിദ്ദിഖിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മുഖ്യമന്ത്രിയെ ധിക്കരിച്ച്‌ ഡിവൈഎഫ്‌ഐ, മുഖ്യമന്ത്രിയെ അനുസരിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌.
‘ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ മേന്മ കാണിക്കാനോ ഉള്ള സന്ദര്‍ഭമായി ഇതിനെ എടുക്കരുത്. പൊതുവായി എല്ലാവരും സഹായിക്കണം’ മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ. ഇന്ന് കോഴിക്കോട്‌ ഡിവൈഎഫ്‌ഐ തങ്ങളുടെ കൊടി ഉയർത്തിപ്പിടിച്ച്‌ കമ്മ്യൂണിറ്റി കിച്ചൻ എന്ന സന്നദ്ധ സേവനം നടത്തുന്നതിന്റേയും, തങ്ങളുടെ ഒരു ചിഹ്നവും കാണിക്കാതെ യൂത്ത്‌ കോൺഗ്രസ്‌ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനവും കാണാം. രാഷ്ട്രീയം ഈ സമയത്ത്‌ പറയരുത്‌ എന്ന് എത്ര ആഗ്രഹിച്ചാലും സിപിഎം പറയിപ്പിക്കും. പ്രളയത്തിന്റെ ദുരിതാശ്വാസ നിധി തട്ടിയെടുത്തും മറ്റുള്ളവർ നൽകുന്ന സാധങ്ങൾക്ക്‌ സ്വന്തം സ്റ്റിക്കർ പതിച്ച്‌ നൽകിയും ശീലമുള്ള സിപിഎമ്മിനും ഡിഫിക്കാർക്കും മുഖ്യമന്ത്രിയുടെ വാക്കുകൾ വല്യ ഗൗരവമുള്ളതായി തോന്നിക്കാണില്ല. ഡിഫിക്കാരുടെ ഈ പ്രകടനം കണ്ട്‌ മറ്റ്‌ പല സംഘടനകളും കൊടിയും പിടിച്ച്‌ ഇറങ്ങിയാൽ മുഖ്യമന്ത്രി തന്നെ മറുപടി പറയേണ്ടി വരും എന്ന് മാത്രം പറയുന്നു. അവരുടെ സേവനത്തെ വില കുറച്ച്‌ കാണുന്നില്ല. ഒരിക്കൽ കൂടി പറയുന്നു, ഈ സമയത്ത്‌ രാഷ്ട്രീയം പറയിപ്പിക്കുകയാണു.