‘ആദിവാസി, ദളിത് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അവസാനിപ്പിക്കാനാണ് മോദിയുടെ നീക്കം’; രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, May 2, 2024

 

ന്യൂഡല്‍ഹി: സംവരണ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ആദിവാസികളുടെയും ദളിതരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയുമെല്ലാം സംവരണം നിർത്തലാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അന്ധമായ സ്വകാര്യവത്ക്കരണത്തിലൂടെ സർക്കാർ ജോലി ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് നിഷേധിക്കാനാണ് മോദിയുടെ നീക്കമെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്ത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.  2013-ൽ പൊതുമേഖലയിൽ 14 ലക്ഷം സ്ഥിരം തസ്തികകളുണ്ടായിരുന്നത് 2023 ഓടെ 8.4 ലക്ഷമായി കുറഞ്ഞു. ബിഎസ്എന്‍എല്‍ (BSNL), സെയ്ല്‍(sail), ഭെല്‍ (bhel)  തുടങ്ങിയപൊതുമേഖലാ സ്ഥാപനങ്ങളെ തകർത്തതിലൂടെ സംവരണ ആനുകൂല്യം ലഭിക്കുമായിരുന്ന ഏകദേശം 6 ലക്ഷത്തോളം സ്ഥിരം ജോലികളാണ് ഇല്ലാതായത്.

സ്വകാര്യവത്ക്കരണമെന്ന മോദി മാതൃകയിലൂടെ രാജ്യത്തിന്‍റെ വിഭവങ്ങൾ കൊള്ളയടിക്കപ്പെടുകയാണെന്നും ഇതിലൂടെ അധഃസ്ഥിത  വിഭാഗങ്ങളുടെ സംവരണം തട്ടിയെടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പൊതുമേഖലയെ ശക്തിപ്പെടുത്തുകയും സർക്കാർ തസ്തികകളിലെ 30 ലക്ഷം ഒഴിവുകള്‍ നികത്തി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തൊഴിലവസരങ്ങൾ ഒരുക്കുകയും ചെയ്യും എന്നതാണ് കോൺഗ്രസ് നല്‍കുന്ന ഉറപ്പെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.