ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് ജാവലിൻ ത്രോ; നീരജ് ചോപ്രയ്ക്ക് സ്വർണ്ണം

Jaihind Webdesk
Wednesday, May 15, 2024

ഭുവനേശ്വര്‍:  ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം. 82.27 മീറ്റര്‍ ദൂരത്തോടെയാണ് ജാവലിന്‍ ത്രോയില്‍ നീരജ് സ്വര്‍ണ്ണം നേടിയത്. 82.06 മീറ്ററോടെ ഡി.പി മനു വെള്ളി നേടി. നാലാം അവസരത്തിലാണ് നീരജ് ഒന്നാമതെത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് ഇന്ത്യയില്‍ മത്സരിക്കുന്നത്. അതേസമയം ഉദ്ധം പാട്ടീല്‍ (78.39 മീ) വെങ്കലവും നേടി.

മറ്റൊരു പ്രധാനതാരം കിഷോര്‍കുമാര്‍ ജെന നിരാശപ്പെടുത്തുന്ന മത്സരമാണ് കാഴ്ചവച്ചത്. താരം നടത്തിയ മൂന്ന് ശ്രമങ്ങളും ഫൗളില്‍ കലാശിച്ചു.  75.49 മീറ്റര്‍ മാത്രമായിരുന്നു ജെനയുടെ മികച്ച ത്രോ . കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ നീരജ് ചോപ്ര (88.88 മീ.) സ്വര്‍ണ്ണവും കിഷോര്‍കുമാര്‍ ജെന (87.54 മീ.) വെള്ളിയും നേടിയിരുന്നു.

പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ താരങ്ങളാണ് നീരജും ജെനയും.  അതേസമയം ഡി.പി മനുവിന്  യോഗ്യത നേടാന്‍ സാധിച്ചില്ല. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നീരജ് ഇന്ത്യയില്‍ മത്സരിക്കുന്നത്. കഴിഞ്ഞയാഴ്ച ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാംസ്ഥാനം നേടിയശേഷമാണ് നീരജ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ദോഹ ഡയമണ്ട് ലീഗില്‍ 88.36 മീറ്ററോടെയായിരുന്നു നീരജ് വെള്ളി സ്വന്തമാക്കിയത്.