ലോക്സഭ തിരഞ്ഞെടുപ്പ്; ‘ക്രൗഡ്ഫണ്ടിംഗ്’ പ്രചാരണവുമായി കനയ്യ കുമാര്‍

Jaihind Webdesk
Thursday, May 16, 2024

 

ലോക്സഭ തിരഞ്ഞെടുപ്പ്  2024ല്‍ പ്രചാരണത്തിന് ക്രൗഡ്ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. ഇന്ത്യാ സഖ്യത്തിനായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുന്നത്.

ജനാധിപത്യം സംരക്ഷിക്കാനായി ഇത് ജനങ്ങളുടെ പോരാട്ടമാണെന്നും അതിനാല്‍ ആളുകളുടെ പിന്തുണ അനിവാര്യമാണെന്നും കനയ്യ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും നീതിയുടെയും തിരഞ്ഞെടുപ്പാണ്. ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. 18 വയസ് പൂര്‍ത്തിയായ എല്ലാവരോടും ഈ ജനവിധിയുടെ ഭാഗവാക്കാകാന്‍ ആവശ്യപ്പെടുകയാണ്. എല്ലാവരും പ്രചാരണത്തിന്‍റെ ഭാഗമാവുക. നിങ്ങള്‍ക്കും പിന്തുണകള്‍ നല്‍കാം. ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ക്രൗഡ്ഫണ്ടിംഗ് വഴിയാണ്. ജനങ്ങള്‍ക്കായുള്ള ഈ പോരാട്ടത്തില്‍ ജനങ്ങളുടെ സഹായം ആവശ്യമാണ് എന്നും വീഡിയോയില്‍ കനയ്യ പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ആംആദ്മി പാര്‍ട്ടിക്കൊപ്പമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിംഗ് എംപി മനോജ് തിവാരിയാണ് കനയ്യയുടെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി. ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളിലേക്കും മെയ് 25നാണ് തിരഞ്ഞെടുപ്പ് നടക്കുക.