ഭുവനേശ്വർ/ ഒഡീഷ: മുന്‍ യുപിഎ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കിയെന്ന് ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യ മുന്നണി സര്‍ക്കാര്‍ ആധികാരത്തിലെത്തിയാല്‍ ന്യായ് പത്ര പ്രഖ്യാപനം നടപ്പിലാക്കുമെന്നും ഖാര്‍ഗെ ഉറപ്പ് നല്‍കി. പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോ റേഷന്‍ സൗജന്യമായി നല്‍കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒഡീഷയിലെ ഭുവനേശ്വറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2024ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതേസമയം എന്‍ഡിഎ 200 സീറ്റുകള്‍ നേടാന്‍ വളരെയധികം പാടുപെടും. മോദിയുടെ ദുര്‍ഭരണത്തിനെതിരെ പോരാടുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണി ഭൂരിപക്ഷം നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോ റേഷന്‍ സൗജന്യമായി നല്‍കും. ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയെയും സംരക്ഷിക്കുന്നതിനും രാജ്യത്തെ ഏകീകരിക്കുന്നതിനുമാണ് ഇന്ത്യ മുന്നണിയുടെ പോരാട്ടം. മോദി വിദ്വേഷ പ്രസംഗത്തിലൂടെ സമൂഹത്തിലെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനെതിരെ പോരാടാനാണ് ഞങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.