പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള സമരം രണ്ടാം സ്വാതന്ത്ര്യസമരമെന്ന് എം കെ രാഘവൻ

Jaihind News Bureau
Tuesday, December 24, 2019

പൗരത്വ നിയമ ഭേദഗതി ബിൽ പിന്‍വലിച്ച ശേഷം മാത്രമേ ബില്ലിനെതിരെയുള്ള സമരം അവസാനിക്കൂവെന്ന് എം കെ രാഘവൻ എം പി. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. മുസ്ലിം വിഭാഗത്തെ രണ്ടാം പൗരന്മാരായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ഇനി ഏക സിവില്‍ കോഡാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്നും എം.കെ. രാഘവന്‍ പറഞ്ഞു. കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ട ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദിഖ് ഉള്‍പ്പെടെയുള്ള 59 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് യു.ഡി.എഫ് നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നിച്ചുള്ള സമരത്തിന് ആഹ്വാനം ചെയ്യുകയും തരംകിട്ടുമ്പോള്‍, കോണ്‍ഗ്രസിനോട് കണക്ക് തീര്‍ക്കുകയും ചെയ്യുക എന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു. ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി അബു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.