മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

Jaihind Webdesk
Thursday, August 8, 2019

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രതികളായ ശ്രീറാം വെങ്കട്ടരാമൻ, വഫ ഫിറോസ് എന്നിവരിൽ നിന്ന് സംഘം മൊഴിയെടുക്കും.

അപകടം,  കേസിന്‍റെ ആദ്യഘട്ടം മുതൽ പൊലീസിനുണ്ടായ വീഴ്ചയും ഉൾപ്പടെയുള്ള കാര്യങ്ങളാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. വാഹനാപകടമുണ്ടായാൽ, ഡ്രൈവർ മദ്യപിച്ചിരുന്നതായി ബോദ്ധ്യപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളൊന്നും പൊലീസ് സ്വീകരിച്ചില്ല. ഇതും അന്വേഷിക്കുന്നതിനാൽ മ്യൂസിയം പൊലീസ് സ്റ്റഷനിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

അതേസമയം, ജാമ്യം ലഭിച്ച ശ്രീറാം വെങ്കട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്ത ശേഷം മെഡിക്കൽ ബോർഡ് ചേർന്ന് ശ്രീറാം വെങ്കട്ടരാമനെ ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കും. ശ്രീറാം ആശുപത്രി വിട്ട ശേഷമാകും മൊഴിയെടുക്കുക.

കാറോടിച്ചത് ശ്രീറാം തന്നെയാമെന്ന് തെളിയിക്കാൻ വിരലടയാളം ഉൾപ്പടെ എടുക്കേണ്ടതുണ്ട്. സംഭവത്തിലെ ദൃക്സാക്ഷികൾ, ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുമുള്ള ചികിത്സാ രേഖകളും പരിശോധിക്കും.

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോയെന്നത് പരിശോധിക്കാൻ പൊലീസ് തയാറാകാതിരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. അപകടം നടന്നതിന് പിന്നാലെ പൊലീസ് സ്വീകരിച്ച നടപടികൾ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.