വാഹനം ഓടിച്ചത് വഫ ; താന്‍ മദ്യപിച്ചിരുന്നില്ല : വിശദീകരണവുമായി ശ്രീറാം

Jaihind News Bureau
Wednesday, October 9, 2019

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ശ്രീറാം വെങ്കിട്ടരാമന്‍. വാഹനമോടിച്ചിരുന്നത് വഫ ഫിറോസ് ആയിരുന്നെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തില്‍ ശ്രീറാം പറയുന്നു. അതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്‌പെന്‍ഷന്‍ കാലാവധി രണ്ട് മാസത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടി.

മദ്യപാനശീലമില്ലാത്തയാളാണ് താനെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് വാഹനം ഓടിച്ചതെന്നുമാണ് ശ്രീറാം വെങ്കിട്ടരാമന്‍ വിശദീകരണക്കുറിപ്പില്‍ പറയുന്നത്. മനഃപൂര്‍വമല്ല അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട കെ.എം ബഷീറിനെ ആശുപത്രിയിലെത്തിക്കാനും ശ്രമിച്ചു. മദ്യപിച്ചിരുന്നതായുള്ള ദൃക്‌സാക്ഷി മൊഴികള്‍ തള്ളിക്കളഞ്ഞ ശ്രീറാം രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് തന്നെ സർവീസില്‍ തിരിച്ചെടുക്കണമെന്നും വിശദീകരക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി വിശദീകരണക്കുറിപ്പ് പരിശോധിച്ചു. ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാലാണ് സസ്‌പെന്‍ഷന്‍ അറുപത് ദിവസത്തേക്കുകൂടി നീട്ടിയത്. ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം സഞ്ചരിച്ച കാര്‍ ഇടിച്ച് കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. ശ്രീറാം തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസും വെളിപ്പെടുത്തിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് വിശദീകരണത്തില്‍ ശ്രീറാം സ്വീകരിച്ചത്.