മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം : ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി

Jaihind News Bureau
Thursday, January 30, 2020

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ കാലാവധി നീട്ടി. 90 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. സസ്പെൻഷൻ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു. തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ളി. നിലവിലെ സസ്പെൻഷൻ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി.

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോ‍ര്‍ട്ട് സര്‍ക്കാരിന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി കഴിഞ്ഞ ദിവസം നൽകിയിരുന്നു. എന്നാൽ ഈ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കാതെ സസ്പെൻഷൻ നീട്ടാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് കെ.എം ബഷീർ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് കാറോടിച്ചിരുന്നത് എന്നായിരുന്നു ശ്രീറാമിന്‍റെ നിലപാട്.

ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലും ഇക്കാര്യം അദ്ദേഹം ആവർത്തിച്ചിരുന്നു. കൂടാതെ അപകട സമയത്ത് മദ്യപിച്ചിരുന്നെന്ന ആരോപണവും നിഷേധിച്ചു. രക്ത പരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്തത്. അതേസമയം സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കാത്തതിലും ദുരൂഹതയുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ചട്ടപ്രകാരം സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ സാധിക്കില്ല. എന്നാൽ ഫൊറൻസിക് റിപ്പോർട്ട് വൈകുന്നതിനാലാണ് കുറ്റപത്രം വൈകുന്നതെന്നാണ് പോലീസിന്‍റെ വിശദീകരണം. കൂടാതെ സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ വരാനിരിക്കുമ്പോഴാണ് ചീഫ് സെക്രട്ടറി ശുപാര്‍ശ നൽകിയത്.

https://www.youtube.com/watch?v=rpnpjV2YoaA