അപകടത്തിന് ശേഷം ബഷീറിന്‍റെ ഫോണ്‍ ആരോ ഉപയോഗിച്ചു; ദുരൂഹത തുടരുന്നു

Jaihind Webdesk
Sunday, August 18, 2019


മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്‍റെ റിപ്പോർട്ട് തള്ളി സിറാജ് മാനേജ്മെന്‍റ്. പരാതിക്കാരന്‍റെ മൊഴി വൈകിയതുകൊണ്ടാണ് പ്രതിയുടെ രക്തപരിശോധന വൈകിയതെന്നാണ് പൊലീസ് വാദം. അതേ സമയം കെ.എം ബഷീറിന്‍റെ ഫോൺ കാണാതായതിൽ ദുരൂഹതയുണ്ടെന്നും അതിൽ വിശദമായ അന്വേഷണം വേണമെന്നും സിറാജ് മാനേജ്മെന്‍റ് ആവശ്യപ്പെട്ടു.

പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് എഫ്.ഐ.ആർ തയാറാക്കുന്നതിന് തടസമായതെന്നാണ് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പോലീസ് റിപ്പോർട്ട് തള്ളി സിറാജ് മാനേജ്മെന്‍റ് രംഗത്തെത്തി. അപകടം നടന്ന ദിവസം പുലർച്ചെ 3.30 മുതൽ സിറാജ് പ്രതിനിധി സെയ്ഫുദീൻ ഹാജി സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ അതിന് ശേഷം 7.26നാണ് പോലീസ് രേഖകളിൽ മൊഴി രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്.

ബഷീർ കൊല്ലപ്പെടുന്നതിന് മുൻപ് പ്രസിലെ ജീവനക്കാരനുമായി രണ്ടര മിനിറ്റോളം സംസാരിച്ചിരുന്നു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ബഷീർ അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബഷീറിന്‍റെ ഫോണിലേക്ക് വിളിക്കുമ്പോൾ 1.53 ന് ഒരു പുരുഷൻ ഫോൺ എടുക്കുകയും അവ്യക്തമായി സംസാരിച്ചതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നുവെന്നും വ്യക്തമായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും സിറാജ് മാനേജ്‍മെന്‍റ് ആവശ്യപ്പെടുന്നു. ഫോൺ കണ്ടെടുത്താൽ കേസുമായി ബന്ധപ്പെട്ട് നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് സിറാജ് മാനേജ്മെന്‍റ് വ്യക്തമാക്കി.