ശ്രീറാം കേസ്: രക്തപരിശോധന വൈകിയതില്‍ വിചിത്ര ന്യായവുമായി പോലീസ്

Jaihind Webdesk
Saturday, August 17, 2019

തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചിത്രന്യായവുമായി പോലീസ്. ശ്രീറാം വെങ്കട്ടരാമന്‍റെ രക്തപരിശോധന വൈകിയത് സംബന്ധിച്ച് പോലീസ് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാർക്കെതിരെയും കുറ്റപ്പെടുത്തല്‍.

ജനറല്‍ ആശുപത്രിയിലെ ഡോക്ടറേയും പരാതിക്കാരനെയും പഴിചാരിയാണ് പൊലീസ് റിപ്പോര്‍ട്ട്. രക്തപരിശോധന നടത്താന്‍ ആവർത്തിച്ചു പറഞ്ഞിട്ടും ഡോക്ടര്‍ തയാറായില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ തര്‍ക്കിച്ചതുമൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ അപകട മരണത്തില്‍ കോടതി നിരീക്ഷണം ആവശ്യപ്പെട്ടു കൊണ്ട് നേരത്തെ സിറാജ് മാനേജ്മെന്‍റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഹർജി പരിഗണിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിനോട് വിശദീകരണം തേടുകയായിരുന്നു. വിശദീകരണ റിപ്പോര്‍ട്ടിലാണ് പുതിയ അന്വേഷണ സംഘം പോലീസിനെ ന്യായീകരിക്കുന്നത്.

പോലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്ത പരിശോധന നടത്തിയില്ലെന്നാണ് പോലീസ് വാദം. ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എസ്.ഐ ജയപ്രകാശ് രക്തം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍
കൃത്യമായ പ്രത്യേക അപേക്ഷ നല്‍കണമെന്ന് ഡോക്ടര്‍ മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഈ സമയം പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിൽ വിശദീകരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ വിസമ്മതിച്ച് മൂലമാണെന്നാണ് മറ്റൊരു ന്യായീകരണം.

വഫ ഫിറോസിന്‍റെ മെഡിക്കല്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ തര്‍ക്കിച്ചെന്നും ഏഴ് മണിക്കൂര്‍ വൈകിയാണ് പരാതിക്കാരന്‍ പരാതി നല്‍കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസില്‍ എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ കോടതി നിരീക്ഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.