വട്ടിയൂര്‍ക്കാവില്‍ ആർ.എസ്.എസ്, സി.പി.എമ്മിന് വോട്ട് മറിക്കാന്‍ സാധ്യത : കെ മുരളീധരന്‍ എം.പി

Jaihind News Bureau
Sunday, October 20, 2019

വട്ടിയൂർക്കാവിൽ ആർ.എസ്.എസ്, സി.പി.എമ്മിന് വോട്ട് മറിക്കാൻ സാധ്യതയുണ്ടെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ എം.പി. എൻ.എസ്.എസിനെ പാഠം പഠിപ്പിക്കുകയാണ് സി.പി.എമ്മിന്‍റേയും ബി.ജെ.പിയുടേയും ലക്ഷ്യമെന്നും വട്ടിയൂർക്കാവിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

പരസ്യ പ്രചാരണം അവസാനിച്ചതോടെ  നിശബ്ദപ്രചാരണത്തിൽ വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. യു.ഡി.എഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറിനായി രാവിലെ മുതൽ തന്നെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ സജീവമാണ് കെ മുരളീധരൻ എം.പി. മണ്ഡലത്തിലെ വീടുകളിൽ എത്തി വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് കെ മുരളീധരൻ.

എൻ എസ് എസിന്‍റെ ശരിദൂര നിലപാട് വട്ടിയൂർക്കാവിൽ പ്രതിഫലിക്കും. അതുകൊണ്ട് തന്നെ എൻ.എസ്.എസിനെ പാഠം പഠിപ്പിക്കുകയാണ് സി.പി.എമ്മിന്‍റേയും ബി.ജെ.പിയുടേയും ലക്ഷ്യമെന്നും ഇതിനായി വട്ടിയൂർക്കാവിൽ ആർ.എസ്.എസ് സി.പി.എമ്മിന് വോട്ട് മറിക്കാൻ സാധ്യതയുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

സർക്കാരിനെ പ്രതിക്കുട്ടിലാക്കിയ വിഷയങ്ങളെല്ലാം തന്നെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. വട്ടിയൂർക്കാവിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് പോകാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. അവസാന നിമിഷങ്ങളിൽ തങ്ങളുടെ വോട്ട് ഭദ്രമാക്കാനുള്ള ഓട്ടത്തിലാണ് യു.ഡി.എഫ് നേതൃത്വം.