ജനഹൃദയങ്ങൾ ഏറ്റുവാങ്ങി കെ.മുരളീധരൻ എം പി യുടെ രാഷ്ട്ര രക്ഷാപദയാത്ര

Jaihind News Bureau
Wednesday, January 22, 2020

ജനഹൃദയങ്ങൾ ഏറ്റുവാങ്ങി കെ.മുരളീധരൻ എം പി യുടെ രാഷ്ട്ര രക്ഷാപദയാത്ര. പാനൂരിൽ നിന്നാരംഭിച്ച് കൂത്ത്പറമ്പിൽ സമാപിച്ച പദയാത്രയിൽ ആയിരങ്ങളാണ് പങ്കാളികളായത്.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെയും, രാജ്യത്തെ  മതേതരത്വം തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനും എതിരെ യുഡിഎഫ് കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയാണ് രാഷ്ട്ര രക്ഷാ പദയാത്ര സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുൾ ഖാദർ മൗലവി ജാഥ നായകൻ കെ.മുരളീധരൻ എം പി യ്ക്ക് പതാക കൈമാറി കൊണ്ട് പദയാത്ര ഉദ്ഘാടനം ചെയ്തു. അമ്മമാരും, ഉമ്മമാരും ഉൾപ്പടെ നിരവധി പേർ ജാഥയിൽ പങ്കാളികളായി

ആർ എസ് എസ്സിനും, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനമാണ് സമാപന പൊതുയോഗത്തിൽ കെ.മുരളീധരൻ എം പി നടത്തിയത്. ബ്രിട്ടീഷുകാരുടെ ഷൂ നക്കി മാപ്പ് പറഞ്ഞവരാണ് ഇപ്പോൾ ദേശിയതയിൽ അഭിപ്രായം പറയുന്നത്. അന്ന് ബ്രിട്ടീഷുകാരന്റെ ഷൂവിൽ വിഷം പുരട്ടിയിരുന്നുവെങ്കിൽ സoഘികൾ ഉണ്ടാകുമായിരുന്നില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാനെ പേടിയുള്ള പിണറായി വിജയനാണൊ നരേന്ദ്ര മോദിയെ എതിർക്കാൻ പോകുന്നതെന്നും കെ.മുരളീധരൻ ചോദിച്ചു. സമാപന പൊതുയോഗത്തിൽ ദീപിക സിംഗ് രജാവത്ത് മുഖ്യാതിഥിയായിരുന്നു. കേന്ദ്ര സർക്കാരിനെതിരെ ദീപിക സിംഗിനൊപ്പം മുദ്രാവാക്യം വിളിച്ചാണ് പൊതുയോഗത്തിനെത്തിയ ആളുകൾ മടങ്ങിയത്.