‘എല്ലാ കാര്യത്തിലും പുലിയെ പോലെ ചാടുന്ന മുഖ്യമന്ത്രി ശിവശങ്കറിന്‍റെ മുന്നിൽ പൂച്ചയായി മാറി’; പരിഹസിച്ച് കെ.മുരളീധരന്‍

Jaihind News Bureau
Wednesday, July 15, 2020

കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് സംഘത്തെ സര്‍ക്കാര്‍ സഹായിച്ചുവെന്ന് കെ.മുരളീധരന്‍ എം.പി. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോൾ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറിയെ കളളക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുകയായിരുന്നു. കേസില്‍ ശിവശങ്കർ ഇടപെട്ടത് പുറത്തുവന്നിട്ടും മൂക്കിന് താഴെ രാജ്യദ്രോഹപ്രവർത്തനങ്ങൾ നടന്നിട്ടും മുഖ്യമന്ത്രി  എന്തു കൊണ്ട് അറിഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.

ശിവശങ്കർ ഇപ്പോഴും പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ റാങ്കിലാണ്. ഇത് സർക്കാരിന് തന്നെ നാണക്കേടാണ്. എല്ലാ കാര്യത്തിലും പുലിയെ പോലെ ചാടുന്ന മുഖ്യമന്ത്രി ശിവശങ്കറിന്‍റെ മുന്നിൽ പൂച്ചയായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. റംസാൻ കിറ്റിന്‍റെ കാര്യം പറയാനാണ് സ്വപ്നയെ വിളിച്ചെതെന്നാണ് ജലീല്‍ പറയുന്നത്. റംസാൻ കഴിഞ്ഞിട്ടാണ് റംസാൻ കിറ്റിന്‍റെ കാര്യം പറഞ്ഞ് വിളിച്ചത്. നോമ്പ് തുടങ്ങുന്നത് മുതൽ ചെറിയ പെരുന്നാൾ വരെയാണ് കിറ്റ് നൽകുക. കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ വ്യക്തിയെ വിളിക്കാൻ എന്തിനാണ് കോൺസുലേറ്റ് ജനറൽ വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എല്ലാ കോളുകൾക്കും തിരിച്ച് വിളിക്കും എന്ന് പറയുന്ന മന്ത്രി ഒരു എം.എൽ.എയെ പോലും ഇങ്ങനെ തിരിച്ച് വിളിച്ചതായി അറിയില്ല.

എൻ.ഐ.എ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.  അഴിമതികൾ കൂടി പുറത്തു വരാൻ സി.ബി.ഐ അന്വേഷണം കൂടി വേണം. സ്പീക്കർ എന്ന നിലയിൽ ശ്രീരാമകൃഷ്ണന്‍ ഒരു കാര്യവും അന്വേഷിക്കാതെയാണോ സന്ദീപിന്‍റെ കട ഉദ്ഘാടനത്തിന് പോയതെന്നും അദ്ദേഹം ചോദിച്ചു. സ്പീക്കറുടെ പദവിക്ക് യോജിക്കാത്ത പ്രവൃത്തിയാണ് ശ്രീരാമകൃഷ്ണൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.