കൂടാത്തായി കൂട്ടക്കൊലക്കേസ് : സിലിയെ കൊല്ലാൻ ഷാജു സഹായിച്ചെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി

Jaihind News Bureau
Friday, October 25, 2019

കൂടാത്തായി കൂട്ടക്കൊലപാതകങ്ങളിൽ സിലിയെ കൊല്ലാൻ ഭർത്താവ് ഷാജു സഹായിച്ചതായി മുഖ്യപ്രതി ജോളി മൊഴി നൽകി. അതേസമയം, ജോളിയുടെ കാറിൽ നിന്ന് കിട്ടിയ വിഷവസ്തു സയനൈഡ് തന്നെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറൻസിക് ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സിലിയെ കൊല്ലാനുള്ള ആദ്യശ്രമത്തിലാണ് ഭർത്താവായ ഷാജു സഹായിച്ചതെന്ന് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. അരിഷ്ട കുപ്പിയിൽ സയനൈഡ് കലക്കിയായിരുന്നു കൊലപാതക ശ്രമം. സയനൈഡ് കലക്കിയ കുപ്പി അലമാരയിൽ വച്ചത് ഷാജുവാണെന്ന് ജോളി പറഞ്ഞു. ജോളിയെ ഇന്നലെ ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.  വധത്തിൽ ഷാജുവിന് പങ്കുണ്ടെന്ന് ഇയാളുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ തെളിവെടുപ്പിലും ജോളി ആവർത്തിച്ചു.

വീട്ടിൽ അരിഷ്ടം സൂക്ഷിച്ചിരുന്ന അലമാര ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. സിലി കൊലപാതകക്കേസിലാണ് ജോളിയെ തെളിവെടുപ്പിനായി വിവിധ ഇടങ്ങളിൽ കൊണ്ടുപോയത്.