കൂടത്തായി : മാത്യു മഞ്ചാടി വധക്കേസിൽ ജോളി ജോസഫിനെ ഇന്നു കസ്റ്റഡിയിൽ വാങ്ങും

Jaihind News Bureau
Wednesday, November 6, 2019

കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടി വധക്കേസിൽ അറസ്റ്റ് ചെയ്ത ജോളി ജോസഫിനെ തെളിവെടുപ്പിനായി പൊലീസ് ഇന്നു കസ്റ്റഡിയിൽ വാങ്ങും. ഇതിനായി സമർപ്പിച്ച പ്രൊഡക്‌ഷൻ വാറന്‍റ് അപേക്ഷ കോടതി അനുവദിച്ചു. ജോളി ജോസഫിന്‍റെ ആദ്യ ഭർത്താവ് റോയി തോമസിന്‍റെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതക കേസുകളിലാണ് ജോളിയെ ഇനി അറസ്റ്റ് ചെയ്യാനുള്ളത്.

അതേസമയം, സിലി വധക്കേസിൽ അറസ്റ്റ് ചെയ്ത മൂന്നാം പ്രതി പ്രജികുമാറിനെ തെളിവെടുപ്പിനായി അന്വേഷണ സംഘം ഇന്നു കസ്റ്റഡിയിൽ വാങ്ങും. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡ് സ്വർണപ്പണിക്കാരനായ പ്രജികുമാറിൽ നിന്നു വാങ്ങിയെന്നാണ് രണ്ടാം പ്രതി എം.എസ് മാത്യു മൊഴി നൽകിയത്. ജോളിയുടെ ഭർത്താവ് ഷാജുവിന്‍റെയും ആദ്യ ഭാര്യ സിലിയുടെയും മകൾ ഒന്നര വയസ്സുള്ള ആൽഫൈന്‍റെ കൊലപാതകത്തിൽ രണ്ടാം പ്രതി എം.എസ്. മാത്യുവിനെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി.