കൂടത്തായി കൊലപാതക പരമ്പരയിൽ അഞ്ചാം കുറ്റപത്രം ഇന്ന് സമർപ്പിക്കും

Jaihind News Bureau
Thursday, February 6, 2020

കൂടത്തായി കൊലപാതക പരമ്പരയിൽ അഞ്ചാം കുറ്റപത്രം ഇന്ന് സമർപ്പിക്കും. പൊന്നാമറ്റം ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ്
താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. സ്വത്തു തട്ടിഎടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എംഎസ് മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച പ്രജി കുമാർ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം. 170 ലധികം സാക്ഷികളുടെ അടിസ്ഥാനത്തിൽ ആണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ജോളിയുടെ മകനാണ് കേസിൽ പ്രധാന സാക്ഷി. ടോം തോമസ് സ്ഥിരമായി കഴിച്ചിരുന്ന ക്യാപ്‌സ്യൂളിൽ സയനൈഡ് നിറച്ചു നൽകിയാണ് കൊലപ്പെടുത്തിയത്.

വീട്ടിൽ സന്ധ്യാ പ്രാർത്ഥനക്കു മുൻപ് ജോളി ക്യാപ്‌സ്യൂൾ നൽകുകയും പ്രാർത്ഥനക്കിടെ ടോം തോമസ് കുഴഞ്ഞു വീഴുകയുമായിരുന്നു. ശേഷം ഓടിയെത്തിയ അയൽക്കാരും കൊണ്ട് പോയ ഓട്ടോ ഡ്രൈവറുമെല്ലാം കേസിൽ സാക്ഷികളാണ്. ക്യാപ്‌സ്യൂൾ നല്കുന്നതു കണ്ടു എന്നാണ് പ്രധാന സാക്ഷിയായ ജോളിയുടെ മകന്റെ മൊഴി സ്വത്തു തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തിൽ പറയുന്നു.