കൂടത്തായി റോയ് തോമസ് വധക്കേസിൽ കുറ്റപത്രം പോലീസ് നാളെ സമർപ്പിക്കും

Jaihind News Bureau
Monday, December 30, 2019

കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് റോയ് തോമസ് വധക്കേസിൽ കുറ്റപത്രം പോലീസ് നാളെ സമർപ്പിക്കും. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം നൽകുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രമാണ് നാളെ കോടതിയിൽ സമർപ്പിക്കുന്നത്. ഭർത്താവ് റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസിലുളളത്.  റോയ് തോമസിന്‍റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വർണപ്പണിക്കാരനായ പ്രജുകുമാർ മൂന്നാം പ്രതിയും സിപിഎം മുൻ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്.

ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച കേസ് ആയതുകൊണ്ട് തന്നെ പഴുതുകളെല്ലാം അടച്ചുകൊണ്ടുള്ള കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.