കൂടത്തായി കേസിൽ ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; സക്കറിയയ്ക്കും ഹാജരാകാൻ നിർദ്ദേശം

Jaihind News Bureau
Monday, October 14, 2019

കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനായി പുലിക്കയത്തെ വീട്ടിലെത്തി ഇന്നലെ പൊലീസ് നോട്ടീസ് കൈമാറിയിരുന്നു. ഇത് മൂന്നാം തവണയാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്‍റെ അച്ഛൻ സക്കറിയയോടും വടകര റൂറൽ എസ് പി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിൽ ഉള്ള ജോളിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റിലാകുന്നതിന്‍റെ തലേ ദിവസം ജോളി താമരശേരിയിലെത്തി അഭിഭാഷകനെ കണ്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. ജോളിയുടെ സ്വദേശമായ കട്ടപ്പന, ജോളി വിദ്യാഭ്യാസത്തിനായി പോയ പാല എന്നിവിടങ്ങളിൽ വിവരം ശേഖരിക്കാൻ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. പൊന്നാമറ്റം വീട്ടിൽ ഇന്ന് എസ്പി ഡോക്ടർ ദിവ്യ വി ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസിലെ വിദഗ്ദ്ധ സംഘം പരിശോധനക്കെത്തും. വിരലടയാള വിദഗ്ദർ, വിഷ ശാസ്ത്ര വിദഗ്ദർ, ഫോറൻസിക് വിദഗ്ദർ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശോധന നടത്തുക.

അതേസമയം അന്നമ്മയെ കൊലപ്പെടുത്തിയത് റോയ് തോമസിന് അറിയാമായിരുന്നെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴിനൽകിയിട്ടുണ്ട്.സിലിയെ കൊല്ലാൻ മൂന്ന് തവണ ശ്രമിച്ചു. മൂന്നാം തവണ രണ്ട് പ്രാവശ്യം സയനൈഡ് നൽകിയാണ് കൃത്യം നടത്തിയതെന്നാണ് ജോളിയുടെ മൊഴി. ചെറിയ കുപ്പിയിൽ സയനൈഡ് കൊണ്ട് നടന്നായിരുന്നു കൊലപാതകങ്ങൾ.