കൂടത്തായി കൊലക്കേസ് : കൊലപാതക രീതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദീകരിച്ചു ജോളി

Jaihind News Bureau
Saturday, October 12, 2019

കൂടത്തായി കൊലപാതക പരമ്പരയിൽ കൊലപാതക രീതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദീകരിച്ചു ജോളി. 5 മരണങ്ങളും താൻ തന്നെ ചെയ്തതെന്ന് വ്യക്തമാക്കുന്ന ജോളി ഷാജുവിന്റെ മകൾ ആൽഫൈനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്നു മൊഴി നൽകി. പൊന്നാമറ്റം വീട്ടിൽ നടന്ന തെളിവെടുപ്പിൽ കൊലക്കു ഉപയോഗിച്ച സയനൈഡ് ഉൾപ്പെടെ ലഭിച്ചതായി സൂചന. സംഭവത്തിൽ 5 കേസുകൾ കൂടി പോലീസ് ഇന്ന് രജിസ്റ്റർ ചെയ്തു.

2002 ൽ പൊന്നാമറ്റത്തു അന്നമ്മയെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ കീടനാശിനി ഉപയോഗിച്ചാണെന്നു നേരത്തെ ജോളി മൊഴി നൽകിയിരുന്നു. എന്നാൽ 2008 ഇൽ ടോം തോമസിനും 2016 ഇൽ ഷാജുവിന്റെ ഭാര്യ സിലിക്കും വിറ്റാമിൻ ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ചാണ് കൊലപ്പെടുത്തിയത്. 2011 ഇൽ റോയ് തോമസിനും, 2014 ഇൽ മഞ്ചാടി മാത്യുവിനും മദ്യത്തിൽ സയനൈഡ് കലർത്തിയാണ് കൊലപ്പെടുത്തിയത് എന്നും ജോളി വിശദീകരിച്ചു. എന്നാൽ ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയിട്ടില്ലെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പൊന്നാമറ്റതു നടന്ന തെളിവെടുപ്പിൽ സയനൈഡ് ഉൾപ്പെടെയുള്ള തെളിവ് ലഭിച്ചുവെന്നാണ് സൂചന. ജോളിയുടെ മൊബൈൽ ഫോൺ മകൻ അന്വേഷണ ഉദ്യോഗസ്‌ഥർക്കു കൈമാറി. എല്ലാ കൊലപാതകത്തിലും സയനൈഡ് നൽകിയത് താനാണ് എന്ന മാത്യുവിന്‍റെ മൊഴി കേസിൽ നിർണായകമാണ്.

സംഭവത്തിൽ അന്വേഷണ സംഘം ഇന്ന് 5 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കോടഞ്ചേരി പോലീസിൽ 4 കേസുകളും താമരശേരി സ്റ്റേഷനിൽ സിലിയുടെ കൊലപാതകവുമാണ് രജിസ്റ്റർ ചെയ്തത്. സിലി മരണപ്പെട്ടത് താമരശേരി ഡിവിഷന് കീഴിലുള്ള ദന്തൽ ക്ലിനിക്കിൽ ആയത് കൊണ്ടാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. അതേസമയം ഷാജുവിനെയും പിതാവ് സക്കറിയാസിനെയും അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തു. സിലിയുടെ മരണം ഷാജുവിന്‌ അറിയാമായിരുന്നുവെന്നും ഷാജുവിന്റെ സഹായം ലഭിച്ചിരുന്നുവെന്നും ജോളി ആവർത്തിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്തത്. എന്നാൽ ഇയാളെ പ്രതിപട്ടികയിൽ ഉള്പെടുത്തുമോ എന്ന കാര്യം പോലീസ് വ്യകത്മാക്കിയിട്ടില്ല.