മെമ്മറി കാർഡ് നശിപ്പിച്ചത് പ്രതികളെന്ന് എഫ്ഐആർ; മേയറിനും സംഘത്തിനും വന്‍ തിരിച്ചടി: ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് പോലീസ്

Jaihind Webdesk
Monday, May 6, 2024

 

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് റോഡില്‍ തടഞ്ഞ സംഭവത്തില്‍ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. കെഎസ്ആർടിസി ഡ്രൈവർ യദുവിന്‍റെ പരാതിയില്‍ കോടതി നിർദ്ദേശപ്രകാരമാണ് നടപടി. മേയർ അടക്കം അഞ്ചു പേര്‍ക്കെതിരേയാണ് കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്.

അതേസമയം എഫ്ഐആറില്‍ മേയറിനും സംഘത്തിനുമെതിരെ ഗുരുതര പരാമർശം. ബസിലെ സിസി ടിവി ക്യാമറയുടെ മെമ്മറി കാർഡ് നശിപ്പിച്ചത് പ്രതികളാണെന്ന് എഫ്ഐആറില്‍ പറയുന്നു. മെമ്മറി കാർഡ് നശിപ്പിക്കാന്‍ പ്രതികള്‍ സ്വാധീനം ഉപയോഗിച്ചു. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്ഐആറില്‍. ഏറെ വിവാദമായ സംഭവത്തില്‍ മേയറിനും സംഘത്തിനും കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച യദുവിന്‍റെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ കന്‍റോണ്‍മെന്‍റ് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, അനധികൃതമായി തടങ്കലില്‍വെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡ്രൈവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

നേരത്തേ ഗതാഗതം തടസപ്പെടുത്തിയതിന് അഭിഭാഷകന്‍റെ ഹര്‍ജിയില്‍ ജാമ്യംലഭിക്കുന്ന വകുപ്പ് ചുമത്തി മേയറും എംഎൽഎയും അടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു. അഭിഭാഷകന്‍ ബൈജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിനിര്‍ദേശപ്രകാരം കന്‍റോണ്‍മെന്‍റ് പോലീസ് തന്നെയാണ് കേസെടുത്തത്.