മുതലപ്പൊഴി ബോട്ട് അപകടം; സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍

Jaihind Webdesk
Friday, May 17, 2024

 

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ തുടർക്കഥയാകുന്ന ബോട്ടപകടങ്ങളില്‍ സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍. അപകടങ്ങളെക്കുറിച്ച് വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും ഇതിലൊന്നും വ്യക്തതയും കൃത്യതയുമില്ലായിരുന്നുവെന്ന് കമ്മീഷന്‍ പറഞ്ഞു. പോലീസും ഫിഷറീസ് വകുപ്പും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ വൈരുധ്യമുണ്ടെന്നും മരണപ്പെട്ടവരുടെ എണ്ണം പോലും കൃത്യമല്ലെന്നും ന്യൂനപക്ഷ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

മുതലപ്പൊഴിയിലെ തുടർച്ചയായ അപകട മരണങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തള്ളി. റിപ്പോർട്ട് പൂർണ്ണമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. സമഗ്രമായ റിപ്പോർട്ട് ഈ മാസം 28-നകം നൽകണം. മുതലപ്പൊഴിയിലെ അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാർ ഇവിടെ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.  മുതലപ്പൊഴിയിൽ മരിച്ചവരിലേറെയും മത്സ്യബന്ധന തൊഴിലാളികളാണ്. മെയ് 28ന് നടക്കുന്ന സിറ്റിംഗിനു മുന്നോടിയായി വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ് എന്നിവർക്ക് കമ്മീഷന്‍ നിർദ്ദേശം നല്‍കി.

അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് മുതലപ്പൊഴിയില്‍ നിരവധി പേരുടെ ജീവന്‍ കവരുന്നത്. 2006-ല്‍ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷം ഇതുവരെ 125 അപകടങ്ങളിലായി 73 മത്സ്യത്തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായെന്നും 700-ലേറെ പേര്‍ക്ക് പരുക്കേറ്റതായുമാണ് കണക്കുകള്‍. വള്ളം തകര്‍ന്നും വല നശിച്ചും ലക്ഷങ്ങളുടെ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്.