മുട്ടില്‍ മരംമുറി കേസ്; തുടരന്വേഷണ സാധ്യത പരിശോധിക്കാൻ ഇന്ന് ഉന്നതതല യോഗം 

Jaihind Webdesk
Saturday, May 18, 2024

 

വയനാട്: മുട്ടില്‍ മരംമുറികേസിൽ തുടരന്വേഷണ സാധ്യത പരിശോധിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപി യുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം  ചേരും. എഡിജിപി എച്ച്. വെങ്കിടേഷിനെ കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും രണ്ട് എസ്പി മാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസഫ് മാത്യു ഈ മാസം എട്ടാം തീയതിയാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കത്തയച്ചത്. കേസിൽ സുൽത്താൻ ബത്തേരി കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം അതീവ ദുർബലമാണെന്നും തുടരന്വേഷണമില്ലാതെ മുന്നോട്ടു പോയാൽ കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്നുമാണ് 18 പേജ് വരുന്ന കത്തിലെ പ്രധാന വാദം.

മരം മുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റർ ചെയ്ത 43 കേസുകളിൽ കുറ്റപത്രം സമർപ്പിക്കാത്തത് പോലീസ് കേസിനെ ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം പതിനാറാം തീയതി കേസന്വേഷിക്കുന്ന ഡിവൈഎസ്പി വി.വി. ബെന്നിക്കും അഡ്വ.ജോസഫ് മാത്യു കത്തയച്ചിരുന്നു. കേസ് വാദിക്കുന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ അവഗണിച്ചാൽ കേസിൽ തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലിലാണ് എഡിജിപിയടക്കമുള്ള ഉന്നതോദ്യാഗസ്ഥർ. 2023 ഡിസംബർ നാലിനാണ് പ്രത്യേക അന്വേഷണസംഘം സുൽത്താൻബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. റിപ്പോർട്ടർ ചാനൽ ഉടമകളും സഹോദരങ്ങളുമായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍.