സമ്മോഹനം പുരസ്‌കാരം രമ്യ ഹരിദാസ് എംപിക്ക്

Jaihind Webdesk
Tuesday, July 2, 2019

ramya-haridas

സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് ആലത്തൂര്‍ മണ്ഡലത്തില്‍ ചരിത്ര വിജയം കരസ്ഥമാക്കിയതിലൂടെ ശ്രദ്ധേയ വ്യക്തിത്വമായി മാറിയ രമ്യ ഹരിദാസ് എംപിയെ തെരഞ്ഞെടുത്തതായി സമ്മോഹനം ചെയര്‍മാന്‍ അഡ്വ. സി വിതുര ശശി, ജനറല്‍ കണ്‍വീനര്‍ പിരപ്പന്‍കോട് സുഭാഷ് എന്നിവര്‍ അറിയിച്ചു. 25,000 രൂപയും ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ശില്‍പ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സമ്മോഹനത്തിന്‍റെ മൂന്നാമത് പുരസ്‌കാരമാണിത്.

കോണ്‍ഗ്രസ് നേതാവ് അഡ്വ. സി മോഹനചന്ദ്രന്‍റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആദ്യകാല കെ.എസ്.യു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാസ്‌കാരിക കൂട്ടായ്മയാണ് സമ്മോഹനം. മോഹനചന്ദ്രന്‍റെ അഞ്ചാമത് ചരമവാര്‍ഷിക ദിനമായ ജൂലൈ 30-ന് രാവിലെ 11-ന് തൈക്കാട് ഗാന്ധിഭവനില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, രമ്യാ ഹരിദാസിന് പുരസ്‌കാരം സമ്മാനിക്കും.

തന്‍റേതായ ശൈലിയിലൂടെ രമ്യാ ഹരിദാസ് പൊരുതിനേടിയ തിളക്കമാര്‍ന്ന വിജയം പഴയകാല കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് അഭിമാനവും പുതിയ തലമുറയ്ക്ക് ആവേശവും പ്രചോദനവും പകരുന്നതാണെന്ന് പുരസ്‌കാര പ്രഖ്യാപനം നടത്തിയ അഡ്വ. വിതുര ശശിയും പിരപ്പന്‍കോട് സുഭാഷും പറഞ്ഞു.