മതേതരത്വത്തിന്‍റെ കാവല്‍ക്കാരനായി രാഹുല്‍ ഗാന്ധി തുടരണമെന്നാണ് ആഗ്രഹം : രമ്യാ ഹരിദാസ്

Jaihind Webdesk
Friday, May 31, 2019

Ramya-Haridas

രാജ്യത്തെ മതേതരത്വത്തിന്‍റെ കാവൽക്കാരനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി തുടരണമെന്നാണ് ഏവരും ആഗ്രഹിക്കുന്നതെന്ന് ആലത്തൂരിന്‍റെ നിയുക്ത എം.പി രമ്യ ഹരിദാസ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാലിക്കറ്റ്‌ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമ്യ.

തെരഞ്ഞെടുപ്പിൽ നേടിയ വൻ ഭൂരിപക്ഷത്തിനുശേഷം കോഴിക്കോട് പ്രസ് ക്ലബ്ബിലെത്തിയ ആലത്തൂരുകാരുടെ സ്വന്തം പെങ്ങളൂട്ടി രമ്യ ഹരിദാസിന് മികച്ച സ്വീകരണമാണ് മാധ്യമപ്രവർത്തകരിൽ നിന്നു ലഭിച്ചത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇനിയും ആലത്തൂരുകാരുടെ കൂടെ ഉണ്ടാകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെങ്കിലും ആചാരങ്ങൾ മറികടന്ന് ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്‍റെ മതേതരത്വത്തിന്‍റെ കാവൽക്കാരനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി തുടരണം എന്നാണ് ആഗ്രഹമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

‘രാഹുല്‍ജിയുടെ ദീര്‍ഘവീക്ഷണം നേരിട്ട് മനസിലാക്കാന്‍ അവസരം ലഭിച്ച ഒരു എളിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഞാന്‍. ആ രീതിയില്‍ രാഹുല്‍ ഗാന്ധി ഏറെ ദൂരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ, മതേതരത്വത്തിന്‍റെ കാവല്‍ക്കാരനായിക്കൊണ്ടുതന്നെ രാജ്യത്ത് കോണ്‍ഗ്രസിന് നേതൃത്വം കൊടുക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞങ്ങള്‍. അത് തെറ്റില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പ് തരികയാണ്’ – രമ്യാ ഹരിദാസ് പറഞ്ഞു.

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരം നൽകിയ രമ്യ മനോഹരമായ ഗാനം ആലപിച്ച് ഏവരുടെയും മനം കവർന്നുകൊണ്ടാണ് മുഖാമുഖം അവസാനിപ്പിച്ചത്.