സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ നിലപാടുകളിലെ കരുത്തുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; കാസര്‍കോട് കോട്ടകള്‍ കോണ്‍ഗ്രസിനൊപ്പമെന്ന് വിലയിരുത്തല്‍

Jaihind Webdesk
Sunday, March 17, 2019

‘സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍ഗോഡ്…. എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവണം…’ കാസര്‍കോട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ വാക്കുകള്‍ ഇതാണ്. രാഷ്ട്രീയ എതിരാളികളുടെ ഉള്ളുകള്ളങ്ങളെ പൊളിച്ചടുക്കുന്നതിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ വ്യക്തിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പോരാട്ടവീര്യത്തില്‍ താന്‍ എത്രത്തോളം മുന്നിലാണെന്ന് ഉണ്ണിത്താന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ തലശ്ശേരിയില്‍ ഇതിന്റെ ചൂട് സി.പി.എം അനുഭവിച്ചതാണ്. ഉറച്ച കോട്ടയില്‍ കോടിയേരി ബാലകൃഷ്ണനെ വിറപ്പിച്ചാണ് 2006ല്‍ രാജ്മോഹന്‍ ചര്‍ച്ചയായത്. രാജ്മോഹന്റെ ആദ്യ തെരഞ്ഞെടുപ്പ് അങ്കവുമായിരുന്നു അത്.

ഉണ്ണിത്താന്റെ വാക്കുകളിലെ കരുത്ത് മനസ്സിലാക്കിയാണ് ഇത്തവണ കാസര്‍കോട് മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. കേരളത്തിലുടനീളം സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ശബ്ദമാകാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് സാധിക്കും.
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തിയ സി.പി.എമ്മിനെ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് കാസര്‍കോട്ടെ വോട്ടര്‍മാര്‍. ഇതിനെ കൃത്യമായി വോട്ടാക്കാന്‍ ഉണ്ണിത്താന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പ്രവര്‍ത്തകരിലും ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
കെ എസ് യുവില്‍ ഉണ്ണിത്താന്‍ ശ്രദ്ധേയനാകുന്നത് എം എ ബേബിയെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിച്ചുകൊണ്ടായിരുന്നു.

1956 ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് ധനതത്വശാസത്രത്തില്‍ ബിരുദം. കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതൃനിരയിലെത്തി. 2006 ല്‍ തലശ്ശേരിയില്‍ നിന്നും 20016 ല്‍ കുണ്ടറയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ഇടതു കോട്ടകളില്‍ യഥാക്രമം കോടിയേരി ബാലകൃഷ്ണനെതിരെയും മേഴ്സിക്കുട്ടി അമ്മക്കെതിരെയും ശക്തമായ മത്സരം കാഴ്ച്ചവെച്ചു. 2015 ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രാസംഗികനായ അദ്ദേഹം പാര്‍ട്ടി വക്താവുമായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്.