അവസാനഘട്ട പോളിങ്; പ്രചാരണത്തിന് കൊട്ടിക്കലാശം

Jaihind Webdesk
Saturday, May 18, 2019

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ഇന്നലെ സമാപനമായി. ഏഴുഘട്ടങ്ങളായി നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന 50 മണ്ഡലങ്ങളിലാണ് ഇന്നലെ പരസ്യ പ്രചരണം അവസാനിച്ചത്.
പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം വ്യാഴാഴ്ച രാത്രി പത്തു മണിയ്ക്ക് തന്നെ അവസാനിച്ചിരുന്നു.  ബെംഗാളില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ റോഡ് ഷോക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണ സമയം വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ പതിമൂന്നു സീറ്റുകളില്‍ വീതവും ബിഹാറിലെയും മധ്യപ്രദേശിലെയും എട്ടു മണ്ഡലങ്ങളിലുമാണ് ഞായറാഴ്ച വോട്ടെടുപ്പ്.
ഹിമാചല്‍ പ്രദേശില്‍ നാലും ഝാര്‍ഖണ്ഡിലെ മൂന്നും ചണ്ഡിഗഡിലെ ഒരു മണ്ഡലത്തിലും ഞായറാഴ്ചയാണ് പോളിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ലോക്സഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മീരാകുമാര്‍, ശത്രുഘ്നന്‍ സിന്‍ഹ, കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്, സണ്ണി ഡിയോള്‍ എന്നിവരാണ് അവസാന ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.