എറണാകുളത്ത് പോളിംഗ് സമയം നീട്ടിനല്‍കില്ല

Jaihind Webdesk
Monday, October 21, 2019

ശക്തമായ മഴയില്‍ വെള്ളക്കെട്ടിലായ എറണാകുളത്ത് പോളിംഗ് സമയം നീട്ടിനല്‍കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആറ് മണി തന്നെയായിരിക്കും വോട്ട് ചെയ്യാനുള്ള സമയപരിധി. അതേസമയം ക്യൂവില്‍ തുടരുന്ന അവസാന വോട്ടർക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

മഴക്കെടുതി കാരണം എറണാകുളം മണ്ഡലത്തില്‍ വൈകിയാണ് പോളിംഗ് ആരംഭിച്ചത്. ശക്തമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് ആളുകള്‍ എത്തിത്തുടങ്ങാനും വൈകിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് പോളിംഗ് സമയം നീട്ടി നല്‍കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. നിലവില്‍ വോട്ടിംഗ് സമയം നീട്ടിനല്‍കേണ്ടതില്ല എന്നതാണ് തീരുമാനം.