മീണയ്ക്ക് എന്‍.എസ്.എസിന്‍റെ വക്കീല്‍ നോട്ടീസ്; അപമാനിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യം

Jaihind Webdesk
Tuesday, October 22, 2019

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണക്കെതിരെ നിയമനടപടിക്കൊരുങ്ങി എന്‍.എസ്.എസ്. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മീണക്കെതിരെ നിയമനടപടിക്ക് നായർ സർവീസ് സൊസൈറ്റി ഒരുങ്ങുന്നത്.

എന്‍.എസ്.എസ് സമദൂരം വിട്ട് ശരിദൂരം സ്വീകരിച്ചതാണ് പ്രശ്നമായതെന്നായിരുന്നു മീണയുടെ പ്രസ്താവന. ഇതിനെതിരെ എന്‍.എസ്.എസ് മീണയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. പ്രസ്താവന സംഘടനയ്ക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും പ്രസ്താവന പിന്‍വലിച്ച് മീണ പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് എന്‍.എസ്.എസിന്‍റെ ആവശ്യം.  എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകര്‍ ആര്‍.ടി പ്രദീപാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

കേരളത്തിലെ നായര്‍ സമുദായത്തിന്‍റേയും പൊതുസമൂഹത്തിന്‍റേയും സാമൂഹിക നവോത്ഥാനത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച എന്‍.എസ്.എസിനെതിരെ അപമാനിക്കുന്നതാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാമർശമെന്ന് എന്‍.എസ്.എസ് ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു ടീക്കാ റാം മീണ എന്‍.എസ്.എസിനെ ബന്ധപ്പെടുത്തി പ്രസ്താവന നടത്തിയത്.