ശരിദൂര നിലപാട് ആവർത്തിച്ച് എന്‍.എസ്.എസ് ; വിശ്വാസ സംരക്ഷണം മുഖ്യം

Jaihind Webdesk
Saturday, October 19, 2019

സർക്കാരിന് എതിരെ എൻ.എസ്.എസ് വീണ്ടും രംഗത്ത്. എൻ.എസ്.എസ് മുഖപത്രമായ സർവീസിലെ ഈ മാസത്തെ മുഖപ്രസംഗത്തിലാണ് എൻ.എസ്.എസ് നിലപാട് ആവർത്തിക്കുന്നത്. സമദൂരം വിട്ട് ശരിദൂരം സ്വീകരിക്കാൻ എൻ.എസ്.എസ് നേരത്തെ തീരുമാനിച്ചതായി മുഖപ്രസംഗം വ്യക്തമാക്കുന്നു.

സമദൂരത്തിൽ നിന്നും ശരിദൂരത്തിലേക്ക് ഉള്ള നിലപാട് മാറ്റം എന്തിനാണെന്ന് വ്യക്തമാക്കുന്നതാണ് മുഖപ്രസംഗം. സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിൽക്കണമന്ന് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നു. ആ ലക്ഷ്യം തന്നെയാണ് എൻ.എസ്.എസ് പിന്തുടരുന്നതെന്ന് സർവീസിലെ മുഖപ്രസംഗത്തില്‍ പറയുന്നു. ഈശ്വര വിശ്വാസത്തിന്‍റെയും ആചാരനുഷ്ഠാനങ്ങളുടെയും സംരക്ഷണമാണ് സമുദായം ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം. ശബരിമലയിലെ യുവതീ പ്രവേശനം അതിൽ പ്രധാനപ്പെട്ടതാണ്. അവയുടെ സംരക്ഷണത്തിന് വേണ്ടി വിശ്വാസികൾക്ക് ഒപ്പമാണ് എൻ.എസ്.എസ് നിലകൊള്ളുന്നത്.

സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും നന്മയ്ക്കായി പ്രവർത്തിക്കുന്നതാണ് എൻ.എസ്.എസ് നിലപാട്. കഴിഞ്ഞ 105 വർഷമായി ഈ നിലപാടാണ് എൻ.എസ്.എസ് പിന്തുടരുന്നതെന്നും എൻ.എസ്.എസ് പറയുന്നു. മന്നത്ത് പത്മനാഭന്‍റെ ദർശനങ്ങളും ആദർശങ്ങളും ഉൾക്കൊണ്ട് അടിസ്ഥാന മൂല്യങ്ങൾ കൈവിടാതെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എൻ.എസ്.എസ് വ്യക്തമാക്കുന്നു.

നേരത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ കടുത്ത നിലപാടുമായി എൻ.എസ് എസ് രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേനും വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശരിദൂര നിലപാട് എൻ.എസ്.എസ് ആവർത്തിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഒക്ടോബർ 15 നാണ് സർവീസ് പ്രസിദ്ദീകരിച്ചിരിക്കുന്നത്. വിശ്വാസം സംരക്ഷിക്കുന്നവരോട് ഒപ്പമാണെന്ന് ആവർത്തിക്കുമ്പോൾ ഇക്കാര്യത്തിൽ ഇനി പുനർവിചിന്തനം ഇല്ലെന്ന പ്രഖാപനമാണ് എൻ.എസ്.എസ് നടത്തുന്നത്.