സർക്കാരിനെതിരെ വീണ്ടും എന്‍.എസ്.എസ് : ഈശ്വര വിശ്വാസം ഇല്ലാതാക്കാന്‍ ഇടതുസർക്കാർ ശ്രമം ; ശരിദൂരം സാമൂഹ്യനീതിക്കുവേണ്ടി

Jaihind Webdesk
Wednesday, October 16, 2019

സർക്കാരിനെതിരെ വീണ്ടും എൻ.എസ്.എസ്. ശരിദൂര നിലപാട് സാമൂഹിക നന്മക്ക് വേണ്ടിയെന്ന് എന്‍.എസ്.എസ് പ്രതികരിച്ചു. ശരിദൂരത്തിന്‍റെ മുഖ്യകാരണം വിശ്വാസ സംരക്ഷണത്തിന് നടപടികൾ ഇല്ലാത്തതുകൊണ്ടാണെന്നും ഈശ്വര വിശ്വാസം ഇല്ലാതാക്കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നും ജി സുകുമാരൻ നായർ പ്രസ്താവനയില്‍ വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ വിശ്വാസ സംരക്ഷണത്തിന് യാതൊരു നിലപാടും സ്വീകരിച്ചില്ലെന്ന് എന്‍.എസ്.എസ് കുറ്റപ്പെടുത്തി. രാഷ്ട്രീയമായി സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് പോകാനുള്ള പ്രധാന കാരണം ഇതാണെന്നും എന്‍.എസ്.എസ് വ്യക്തമാക്കി. ഇടതുമുന്നണി സർക്കാർ വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായാണ് നിലകൊള്ളുന്നത്. ഈശ്വരവിശ്വാസം ഇല്ലാതാക്കാൻ മാത്രമല്ല,  നവോത്ഥാനത്തിന്‍റെ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സർക്കാർ നീക്കത്തിനും എതിരാണെന്ന് എന്‍.എസ്.എസ് വ്യക്തമാക്കി.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവർക്കുള്ള ആനുകൂല്യങ്ങളെല്ലാം പിണറായി സര്‍ക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് എന്‍.എസ്.എസ് ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സർക്കാര്‍ മറുപടി പറയണം. എന്‍.എസ്.എസ് നിലപാടിനെ നിസാരമായി തള്ളാനാണ് നീക്കമെങ്കില്‍ ജനം മറുപടി പറയുമെന്നും സുകുമാരന്‍ നായർ പ്രസ്താവനയില്‍ ഓർമപ്പെടുത്തി. സാമൂഹ്യനീതിക്ക് വേണ്ടിയാണ് ശരിദൂരമെന്നും സർക്കാരിനെ സമ്മർദത്തിലാക്കി വഴിവിട്ട ആനൂകൂല്യങ്ങള്‍ നേടാന്‍ വേണ്ടിയല്ലെന്നും എന്‍.എസ്.എസ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി എന്‍.എസ്.എസ് രംഗത്തെത്തിയിരിക്കുന്നത്.