ശരിദൂരം യു.ഡി.എഫ് ; നിലപാട് വ്യക്തമാക്കി എന്‍.എസ്.എസ് | Video

Jaihind News Bureau
Tuesday, October 15, 2019

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കാൻ എൻ.എസ്.എസ് തീരുമാനം. വട്ടിയൂർക്കാവിൽ ശരിദൂരം നടപ്പാക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളോടുള്ള അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും എൻ.എസ്.എസ് വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ എന്‍.എസ്.എസിന് ഏറ്റവും അധികം സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. മണ്ഡലത്തില്‍ 43 ശതമാനവും നായർ സമുദായത്തില്‍ പെട്ടവരാണ്. അതുകൊണ്ടുതന്നെയാണ് വട്ടിയൂർക്കാവില്‍ എന്‍.എസ്.എസിന്‍റെ നിലപാട് പ്രസക്തമാകുന്നത്. വട്ടിയൂർക്കാവില്‍ ശരിദൂരം നടപ്പാക്കുമെന്ന് എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് സംഗീത് കുമാർ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാരുകളോടുള്ള അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

”സമദൂരത്തില്‍ നിന്നും മാറി ശരിദൂരമാണ് ഇത്തവണത്തെ നിലപാട്. ശരിദൂരം എന്നു പറയുമ്പോള്‍, കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള നിലപാടും അതിനോടൊപ്പം തന്നെ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ശരിദൂരം ആര്‍ക്കാണ് പ്രയോജനപ്പെടുകയെന്ന് വളരെ വ്യക്തമാണ്” – സംഗീത് കുമാര്‍ പറഞ്ഞു.

കരയോഗങ്ങള്‍ വിളിച്ചുകൂട്ടി യു.ഡി.എഫിന്‍റെ വിജയത്തിനായി പ്രവർത്തിക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. സമദൂരത്തില്‍ നിന്ന് വ്യത്യസ്തമായി എന്‍.എസ്.എസ് ശരിദൂരം എന്ന നിലപാട് സ്വീകരിക്കുമ്പോള്‍ ഫലം യു.ഡി.എഫിന് അനുകൂലമാകുമെന്ന കാര്യത്തില്‍ സംശയമില്ല.