യു.ഡി.എഫ്. ഉന്നതാധികാര സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത്

Jaihind News Bureau
Monday, December 16, 2019

യു.ഡി.എഫ്. ഉന്നതാധികാര സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകുന്നേരം 3 മണിക്ക് പ്രതിപക്ഷനേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലാണ് യോഗം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള തുടർസമരമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധമലയടിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാരും പ്രതിപക്ഷവും സംയുക്തമായി പ്രക്ഷോഭത്തിനു ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ യുഡിഎഫ് തുടർ സമരപരിപാടികൾക്ക് യോഗത്തിൽ രൂപം നൽകും.

പൗരത്വ ബില്ലിനെതിരെ സുപ്രീംകോടതിയിൽ കക്ഷി ചേരുന്നതടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്‌തേക്കും. അതേ സമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലും സർക്കാരിന്റെ ധൂർത്ത് തുടരുകയാണ്. ഈ പ്രതിസന്ധി ഘട്ടം മുന്നിൽ നിൽക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുകയാണെന്നും പ്രതിപക്ഷം ചൂണ്ടി കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ്
ദവളപത്രമടക്കം പ്രതിപക്ഷം ഇറക്കിയത്. ഈ വിഷയങ്ങളെല്ലാം തന്നെ യോഗം വിശദമായി ചർച്ച ചെയ്യും. സംസ്ഥാന സർക്കാരിനെതിരായിട്ടുള്ള സമര പോരാട്ടങ്ങളും യോഗത്തിൽ തീരുമാനിക്കും.

കൂടാതെ കേരള കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളും യോഗം വിലയിരുത്തും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തയ്യാറെടുപ്പിലേക്ക് നീങ്ങേണ്ട സമയത്ത് ജോസഫ്, ജോസ് വിഭാഗങ്ങളുടെ തർക്കത്തിൽ യു.ഡി.എഫ് നേതൃത്വം ഇടപെട്ട് യോഗത്തിൽ പരിഹാരം കാണാനും സാധ്യതയുണ്ട്.