ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകും : ടി.ജെ വിനോദ്

Jaihind Webdesk
Monday, October 14, 2019

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ പ്രഥമ പരിഗണന നഗരത്തിലെ പൊതുഗതാഗതത്തിന്‍റെ കാര്യത്തിൽ ആയിരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ്. ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടർമാർ സംസ്ഥാന സർക്കാറിനെ വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ കാന്‍റിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടി.ജെ വിനോദ്.

24 മണിക്കൂറും കൊച്ചി നഗരത്തിൽ ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതിയും നഗര ഹൃദയത്തിൽ താമസിക്കുന്ന പാർശ്വവത്കരിക്കപ്പെട്ടവരെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താനുള്ള പദ്ധതികൾ തന്‍റെ മുന്നിലുണ്ടെന്നും എറണാകുളത്തെ വേട്ടർമാർ തന്നെ നിയമസഭയിലേക്ക് പറഞ്ഞയച്ചാൽ ഈ പദ്ധതികൾ എല്ലാം യഥാർത്ഥ്യമാക്കാനായിരിക്കും താൻ മുൻഗണന നൽകുകയെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് മീറ്റ് ദ കാന്‍റിഡേറ്റ് പരിപാടിയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ നാല് വോട്ട് കിട്ടാൻ കൊച്ചി കോർപറേഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ് സംസ്ഥാന സർക്കാർ. ഇടതുസർക്കാർ അധികാരത്തിലേറിയ ശേഷം നഗര റോഡ് വികസനത്തിന് ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും, നഗരത്തിലെ റോഡുകൾ തകരാനുള്ള പ്രധാന കാരണം അമൃത് പദ്ധതിക്ക് വേണ്ടി ജല അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചത് മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ ഹൈബി ഈഡൻ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും, കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും ഉറച്ച കോട്ടയായ എറണാകുളം ഇത്തവണയും നിലനിർത്താൻ കഴിയുമെന്നും ടി.ജെ വിനോദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.