മണ്ഡലത്തിന്‍റെ മനസറിഞ്ഞ് ടി.ജെ വിനോദ്; ഇരുകൈയും നീട്ടി സ്വീകരിച്ച് വോട്ടർമാർ | Video

Jaihind News Bureau
Monday, October 7, 2019

എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദിന്‍റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് വോട്ടർമാർ നൽകുന്നത് ആവേശകരമായ സ്വീകരണം. മണ്ഡലത്തിലെ കോളനികൾ കേന്ദ്രീകരിച്ച് വോട്ടുറപ്പിക്കാനാണ് ഇന്ന് സ്ഥാനാർത്ഥിയും പ്രവർത്തകരും സമയം കണ്ടെത്തിയത്.

സ്ഥാനാർത്ഥി പര്യടനത്തിന്‍റെ ആദ്യ ഘട്ടം പൂർത്തിയാക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് ഇന്ന് ആദ്യം സന്ദർശനം നടത്തിയത് തേവര മാർക്കറ്റിലായിരുന്നു. യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം എത്തിയ സ്ഥാനാർത്ഥിയെ വോട്ടർമാർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. തുടർന്ന് മഹാപ്രളയത്തിന്‍റെ ദുരിതക്കയത്തിൽ നിന്നും ഇനിയും പൂർണമായും മുക്തമാകാത്ത ചേരനെല്ലൂർ പഞ്ചായത്തിൽ പര്യടനം. മംഗലശേരി കോളനിയിലെ വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥന. വോട്ടർമാരിൽ പലരെയും പേരെടുത്ത് വിളിച്ചാണ് ടി.ജെ വിനോദ് വോട്ട് ചോദിക്കുന്നത്. ജനങ്ങളോടുള്ള ആത്മബന്ധം വോട്ടായി മാറുമെന്ന കാര്യത്തിൽ ഒപ്പമുള്ള പ്രവർത്തകർക്ക് തരിമ്പ് പോലും സംശയമില്ല.

എറണാകുളത്ത് യു.ഡി.എഫ് നടത്തിയ വികസനങ്ങൾ വോട്ടിൽ പ്രതിഫലിക്കുമെന്നും, ഹൈബി ഈഡൻ എം.എൽ.എ ആയിരുന്നപ്പോൾ നടത്തിയ വികസന പ്രവർത്തനങ്ങൾ തനിക്ക് വൻ ഭൂരിപക്ഷം സമ്മാനിക്കുമെന്നും, ഹൈബി ഈഡൻ നടത്തിയവികസന തുടർച്ചയ്ക്കാണ് താൻ വോട്ടു ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോളനികളിലെ സന്ദർശനത്തിന് ശേഷം തൃക്കണാർവട്ടം മണ്ഡലത്തിലെ ആദ്യ വട്ട സന്ദർശനവും സ്ഥാനാർത്ഥി പൂർത്തിയാക്കി. രാത്രി ചില കുടുംബസംഗമങ്ങൾ കൂടി പാർട്ടി പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.

സ്ഥാനാർത്ഥി പര്യടനം ഓരോ ദിവസം മുന്നോട്ട് പോകുമ്പോഴും വലിയ ആത്മവിശ്വാസമാണ് യു.ഡി.എഫ് ക്യാമ്പിൽ ഉണ്ടാകുന്നത്. വരും ദിവസങ്ങളിൽ പ്രമുഖ നേതാക്കൾ കൂടി എത്തുന്നതോടെ സ്ഥാനാർത്ഥിയുടെ വാഹന പ്രചരണരണത്തിനും തുടക്കമാകും. ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, മുൻ എം.എൽ.എ ലൂഡി ലൂയിസ് ഉൾപ്പെടെയുള്ള നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം മണ്ഡലപര്യടനത്തിനുണ്ട്.