റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി; 24 മണിക്കൂര്‍ ഉപവാസസമരം നടത്തും

Jaihind Webdesk
Sunday, September 15, 2019

rajmohan-unnithan

നാഷണൽ ഹൈവേയുടെ തകർച്ചയ്ക്ക് പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. 24 മണിക്കൂർ നിരാഹാര സമരം നടത്തും. കാസർഗോഡ് തലപ്പാടി, നീലേശ്വരം കാലിക്കടവ് നാഷണൽ ഹൈവേയുടെ തകർച്ചയ്ക്ക് പരിഹാരം കാണാത്ത കേന്ദ്ര ഗവൺമെന്‍റിന്‍റെയും നാഷണൽ ഹൈവേ അതോറിറ്റി അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 20നാണ് 24 മണിക്കൂര്‍ ഉപവാസസമരം നടത്തുന്നത്.

സെപ്തംബർ 20ന് രാവിലെ ഒമ്പത് മണി മുതൽ 21 ന് രാവിലെ ഒമ്പത് മണി വരെ കാസർഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സമരം. 20 ന് രാവിലെ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിരാഹാര സമരം ഉദ്ഘാടനം ചെയ്യും. 21 ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ വിവിധ ഘട്ടങ്ങളിൽ സമര പന്തലിൽ എത്തി അഭിവാദ്യമർപ്പിക്കും. ഇതൊരു സൂചനാ സമരം മാത്രമാണെന്നും അധികൃതർ കണ്ണു തുറക്കാൻ തയാറായില്ലെങ്കിൽ കാസർഗോട്ടെ ജനങ്ങൾക്കുവേണ്ടി മരണം വരെ സമരം നടത്തുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷമായി നാഷണൽ ഹൈവേ ടാർ ചെയ്യാത്തത് കൊണ്ടാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്. റോഡിലെ കുഴിയിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും അനേകം പേർ മരണപ്പെടുകയും ചെയ്തു. കാലിക്കടവിന് സമീപം ബൈക്ക് യാത്രികന്‍ കുഴിയില്‍ വീണ് മരിച്ചത് അടുത്തിടെയാണ്. ഇതുവഴി രോഗികളുമായി മംഗലുരുവിലേക്ക് ആംബുലൻസ് പോകുന്നത് വളരെ പ്രയാസപ്പെട്ടാണ്. അധികൃതരുടെ അവഗണനക്കെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.