കേരളത്തിലെ റോഡുകളില്‍ വാഴ കുലച്ചുനില്‍ക്കുന്ന അവസ്ഥയെന്ന് രമേശ് ചെന്നിത്തല; റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധ ധര്‍ണ | Video

Jaihind News Bureau
Wednesday, November 13, 2019

കേരളത്തിലെ റോഡുകളിൽ വാഴ കുലച്ചു നിൽക്കുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പൊതുമരാമത്ത് മന്ത്രി, ധനമന്ത്രി എന്നിവരുടെ തമ്മിൽത്തല്ല് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചതായും സർവ മേഖലയെയും തകർത്ത് നിർജീവമാക്കിയ സർക്കാരാണ് സംസ്‌ഥാനം ഭരിക്കുന്നതെതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് തിരുവനന്തപുരം എം.എൽ.എ വി.എസ് ശിവകുമാർ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

തലസ്‌ഥാന നഗരിയിലെ റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്‌ഥയാണ് ഇന്നുള്ളതെന്ന് രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ റോഡുകൾ കുണ്ടും കുഴിയും കൊണ്ട് നിറയാൻ കാരണം സർക്കാറിന്‍റെ കെടുകാര്യസ്ഥതയാണ്. റോഡ് നവീകരണ ഫണ്ട്‌ മാത്രമല്ല കേരള പുനർനിർമാണ ഫണ്ട്‌ വരെ സർക്കാർ വകമാറ്റി. റോഡുകളുടെ ശോച്യാവസ്‌ഥ ഗുരുതരമായിട്ടും നവീകരണ പദ്ധതിക്കായി ഫണ്ട്‌ അനുവദിക്കാത്ത ധനമന്ത്രി അഭിനവ ബകനായി മാറിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കേരളത്തിലെ ഗ്രാമീണ റോഡുകൾ വാഴകൃഷിയെ ഓർമ്മിപ്പിക്കുതാണ്. തകർന്നു കിടക്കുന്ന റോഡുകളിൽ പൊതുജനം കുഴിച്ചിട്ട വാഴ കുലച്ചു കിടക്കുന്ന അവസ്ഥയാണുള്ളത്. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞ 3,000 കോടി രൂപ ജർമനിയിൽ നിന്ന് യാത്ര തുടങ്ങിയതായും, എന്നാൽ അവിടെനിന്ന് നടന്നു വരാൻ ഉള്ള കാല താമസമാണ് ഒരു പ്രവര്‍ത്തനങ്ങളും നടക്കാത്തതിന് കാരണമെന്നും അദ്ദേഹം പരിഹസിച്ചു.

തലസ്‌ഥാന നഗരത്തിലെ റോഡുകളിൽ മുഴുവൻ പാതാള കുഴികളാണ് ഉള്ളതെന്ന് ധർണാ ക്യാപ്റ്റൻ വി.എസ് ശിവകുമാർ എം.എൽ.എ പറഞ്ഞു. മനുഷ്യ ജീവന് വില നൽകി പി.ഡബ്യു.ഡി അടിയന്തരമായി നവീകരണ പ്രവൃത്തികള്‍ തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്‌ഥ പരിഹരിക്കും വരെ സമരവുമായി മുന്നോട്ട് പോവാനാണ് കോൺഗ്രസിന്‍റെ തീരുമാനം. ഇതിന്‍റെ ആദ്യഘട്ടമായാണ് സായാഹ്ന ധർണ നടത്തിയത്.