പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം

Jaihind News Bureau
Saturday, December 21, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ ജനമുന്നേറ്റ പ്രതിഷേധ കൂട്ടായ്മ. ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ ആയിരങ്ങൾ പങ്കെടുത്തു. 14 ജില്ലകളിലെയും പ്രതിഷേധത്തിന് പ്രമുഖ നേതാക്കൾ നേതൃത്വം നൽകി.

സംസ്ഥാന സർക്കാർ സെൻസസ് നടപടികൾ നിർത്തി വെച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമതി അംഗം ഉമ്മൻ ചാണ്ടി. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പൗരത്വ രജിസ്റ്റർ നടപടികളുമായി മുന്നോട്ട് പോകേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്. ഭൂരിപക്ഷ സംസ്ഥാനങ്ങൾ ഒന്നിച്ചുനിന്നാൽ കേന്ദ്രത്തിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ ചവറ്റുകൊട്ടയിലേക്ക് എറിയേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സർക്കാർ പിന്തുടരുന്നത് സവർക്കറുടെ പാതയാണ്. വർഗീയമായി തമ്മിലടിപ്പിക്കാനാണ് ആഭ്യന്തര മന്ത്രിയുടെ ശ്രമം. മതേതരത്വത്തെ പിച്ചിച്ചീന്തി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ശ്രമം. ജനാധിപത്യ അവകാശങ്ങൾ മാനിക്കാതെ കേന്ദ്രം നടത്തുന്നത് ഭരണകൂട ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെയുള്ള മലപ്പുറം കലക്ടറേറ്റ് മാർച്ചിൽ രമേശ് ചെന്നിത്തലയ്ക്കൊപ്പം ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കടുത്തത്.

ഇന്ത്യയിൽ ആവിഷ്‌കാര സ്വാതന്ത്ര്യം തകർന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹിന്ദു-മുസ്ലിം പ്രശ്‌നമായല്ല, രാജ്യത്തിന്‍റെ മതേതര വിശ്വാസത്തിന്‍റെ പ്രശ്‌നമായാണ് കാണേണ്ടത്. രാജ്യത്ത് അവസാനത്തെ കോൺഗ്രസുകാരൻ ജീവിച്ചിരിക്കുന്നതു വരെ ന്യൂനപക്ഷങ്ങൾക്കൊപ്പം നിലനിൽക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കാഞ്ഞങ്ങാട് പറഞ്ഞു. കോൺഗ്രസിന്‍റെ ജനമുന്നേറ്റ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Mullapaplly-Ramachandran

വർഗീയതയെ തോൽപിക്കാൻ ആരുമായും കൂട്ടുകൂടാൻ കോൺഗ്രസ് തയാറെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എംഎം ഹസൻ. മുഖ്യമന്ത്രിയുടെ നിലപാടിനെ അഭിനന്ദിക്കുന്നു. രാഷ്ട്രീയം മറന്ന് ഭരണപക്ഷത്തോടൊപ്പം നിന്നത് ബി.ജെ.പി യെ തോൽപ്പിക്കാനെന്നും തിരുവനന്തപുരത്ത് ജനമുന്നേറ്റ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

വംശീയതയുടെ രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ ജനമുന്നേറ്റ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെന്നി ബഹന്നാൻ. ഡി.സി. പ്രസിഡന്‍റ് ടി.എൻ പ്രതാപൻ എം.പി അധ്യക്ഷനായിരുന്നു.

രാജ്യത്ത് നടക്കുന്നത് യഥാർത്ഥ ഫാസിസമെന്ന് ശശി തരൂർ എം.പി. വികസന ചർച്ചകൾക്കൊന്നും ബി.ജെ.പി ഒരു പരിഗണനയും നല്‍കുന്നില്ല. പകരം മുസ്ലീം സമുദായത്തെ രാജ്യത്ത് നിന്നും പുറത്താക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് ജനമുന്നേറ്റ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

പൗരത്വ ബില്ലിന്‍റെ മറവിൽ ഇന്ത്യാ മഹാരാജ്യത്തെ വീണ്ടും രണ്ടായി വിഭജിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്ന് വി.ഡി സതീശൻ എം.എൽ.എ. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബി.എസ്.എൻ.എൽ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമത്തിനെതിരെ വി.ടി.ബൽറാം എംഎൽഎയുടെ നേതൃത്വത്തിൽ കൂറ്റനാട് സെന്‍ററിൽ സത്യഗ്രഹം ആരംഭിച്ചു. വൈകിട്ട് 6 മണി വരെയാണ് പ്രതിഷേധ പരിപാടി. ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.

നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിലൂടെ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യം സംരക്ഷിക്കുവാൻ ഉള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കൊല്ലത്ത് കോൺഗ്രസിന്‍റെ ജനമുന്നേറ്റ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.